‘സാമ്പത്തിക തളര്‍ച്ച’ എന്ന വാക്ക് സമ്മതിക്കാത്ത മോദി, രാജ്യം അപകടത്തിലേക്ക്; മന്‍മോഹന്‍ സിംഗ്

manmohan-singh

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ‘സാമ്പത്തിക തളര്‍ച്ച’ എന്ന വാക്ക് സമ്മതിക്കുന്നത് പോലുമില്ലെന്ന വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. ഈ ഗുരുതര പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാത്തത് സാമ്പത്തിക രംഗത്തെ വലിയ അപകടത്തില്‍ എത്തിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ് സിംഗ് അലുവാലിയയുടെ പുസ്തകപ്രകാശന ചടങ്ങിലാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

‘സാമ്പത്തിക തളര്‍ച്ചയെന്ന വാക്ക് പോലും അംഗീകരിക്കാത്ത സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ പ്രശ്‌നം നിര്‍ബന്ധമായും രാജ്യം ചര്‍ച്ച ചെയ്യണം. കേന്ദ്ര സര്‍ക്കാറിന്റെ ഈ സമീപനം രാജ്യത്തിന് നന്നല്ല.’ – മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇത്രയും വലിയ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ യാതൊരു പരിഹാരവും എടുക്കാതെ ഇങ്ങനെ മുന്നോട്ട് പോകുന്നത് അപകടകരമാണ്.

അതേസമയം, 2024-25ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 1990ലെ സാമ്പത്തിക ഉദാര നയങ്ങള്‍ക്ക് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു, പി ചിദംബരം, മൊണ്ടേഗ് സിംഗ് അലുവാലിയ എന്നിവര്‍ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതൊന്നും ശ്രദ്ധയില്‍ പെടുത്താതെ അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഇരിക്കുകയാണ് മോദി. ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Top