മോദിയുഗം അവസാനിക്കുന്നു? നിതിന്‍ ഗഡ്കരിയ്ക്ക് പിന്തുണയുമായി ശിവസേന. .

മോദി തരംഗത്തിന് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്തു വന്നിരിക്കുന്നത്. മോദി- അമിത് ഷാ മേല്‍ക്കൈ പാര്‍ട്ടിയില്‍ അവസാനിക്കാന്‍ പോവുകയാണ് എന്ന സൂചനയാണ് രാജ്യസഭാ എംപിയായ സഞ്ജയ് റാവുത്ത് ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ കോളം സൂചിപ്പിക്കുന്നത്.

2019ല്‍ ഒരു തൂക്കുസഭയാണ് വരുന്നതെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരിയെ പിന്തുണയ്ക്കുമെന്നാണ് ശിവസേന അറിയിച്ചിരിക്കുന്നത്. ആ സമയത്തിനായി ഗഡ്കരി കാത്തിരിക്കുകയാണെന്ന് സഞ്ജയ് റാവുത്ത് പറയുന്നത് ബിജെപിയില്‍ മോദിയുഗം അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചന തന്നെയാണ്.

ഉള്‍പ്പാര്‍ട്ടി പോരുകളുടെ സൂചന നല്കി അടുത്തിടെ ഗഡ്കരി നടത്തിയ പ്രതികരണങ്ങള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്‍ഡിഎ മുന്നണിയില്‍ എന്തോ സംഭവിക്കുന്നുണ്ടെന്ന് പറയാന്‍ മാത്രം പ്രാപ്തമായിരുന്നു അവയോരോന്നും. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് അടിപതറിയപ്പോള്‍ ശക്തമായ ഭാഷയില്‍ പരോക്ഷമായാണെങ്കിലും മോദിക്കെതിരെ ആഞ്ഞടിക്കും വിധമാണ് ഗഡ്കരി പ്രതികരിച്ചത്. ആവശ്യത്തിനും അനാവശ്യത്തിനും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയും മാധ്യമങ്ങളോട് വാചാടോപം നടത്തിയും പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗഡ്കരി നടത്തിയ വിമര്‍ശനവും വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതിയില്‍ നിന്ന് നിതിന്‍ ഗഡ്കരിയെ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. അമിത് ഷാ പ്രഖ്യാപിച്ച സമിതിയുടെ തലവന്‍ രാജ്നാഥ് സിങ്ങാണ്. നിതിന്‍ ഗഡ്കരിക്ക് കാര്യമായ പ്രധാന്യം നല്‍കാത്തത് ദേശീയ രാഷ്ട്രീയത്തില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വികളില്‍ പാര്‍ട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന പരസ്യ പ്രസ്താവന നടത്തിയതിന്റെ അനിഷ്ടമാണ് ഗഡ്കരിയെ തഴയാന്‍ കാരണമെന്നാണ് സൂചന. ഇതിനെല്ലാം പകരം ചോദിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ശിവസേനയെ കൂട്ടുപിടിച്ച് ഗഡ്കരി.

ഒന്നുകില്‍ പ്രധാനമന്ത്രിസ്ഥാനം അല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം. ഗഡ്കരിയെ ചുറ്റിപ്പറ്റിയുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചനയതാണ്. ഗഡ്കരി മുമ്പ് ദേശീയ അധ്യക്ഷനായിരുന്ന സമയത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു. രണ്ടാമതൊരു തവണകൂടി ഗഡ്കരി അധ്യക്ഷസ്ഥാനത്തേക്ക് വരികയാണെങ്കില്‍ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകാന്‍ തന്നെയാണ് സാധ്യത.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നഷ്ടമായാല്‍ രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ്, ശിവ്രാജ് സിങ് ചൗഹാന്‍ തുടങ്ങിയ നേതാക്കള്‍ ഗഡ്കരിക്കൊപ്പമുണ്ടാകും. ഗഡ്കരി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് രാജ്നാഥ് സിങ് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും ശിവസേന കണക്കു കൂട്ടുന്നു.

Nithin Gadkari

80 മുതല്‍ 100 വരെ സീറ്റുകള്‍ പൊതുതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. കോണ്‍ഗ്രസ് 125 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് സഞ്ജയ് റാവുത്ത് പറയുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മാറ്റണമെന്ന് മഹാരാഷ്ട്രയിലെ കര്‍ഷകസംഘം നേതാക്കളും ആര്‍എസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

political reporter

Top