യുക്രെയ്ന്‍ സംഘര്‍ഷം: മോദി-ബൈഡന്‍ കൂടിക്കാഴ്ച തുടങ്ങി

ന്യൂഡല്‍ഹി: യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ സാഹചര്യം ആശങ്കാജനകമാണ്. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണ്. ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിലവില്‍ നടക്കുന്ന യുക്രെയ്ന്‍ – റഷ്യ ചര്‍ച്ചകളില്‍ സമാധനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.

‘യുക്രെയ്ന്‍ ജനതയുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഇക്കാലയളവില്‍ അവര്‍ക്കായി മരുന്നുകളും മറ്റു ദുരിതാശ്വാസ സാമഗ്രികളും ഉക്രെയ്‌നിലേക്കും അതിന്റെ അയല്‍രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്, അടുത്തിടെ യുക്രെയ്‌നിലെ ബുച്ച നഗരത്തില്‍ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ വാര്‍ത്ത വളരെ ആശങ്കാജനകമായിരുന്നു. ഇന്ത്യ ഉടനെ ഈ സംഭവത്തെ അപലപിക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

ബൈഡന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുമായി നടക്കുന്ന ആദ്യ തന്ത്രപ്രധാന ഉച്ചക്കോടിയാണിത്. ഇരുരാഷ്ട്രത്തലവന്‍മാരുടേയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഞാന്‍ വാഷിംഗ്ടണില്‍ വന്നപ്പോള്‍, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വാഭാവിക പങ്കാളികളാണ് – മോദി പറഞ്ഞു.

Top