അയോധ്യ വിഷയം വൈകിപ്പിച്ചത് കോണ്‍ഗ്രസ്; ഇപ്പോള്‍ സമാധാന പരിഹാരം: പ്രധാനമന്ത്രി മോദി

പ്രതിപക്ഷ സഖ്യത്തിന് വഞ്ചനയുടെ രാഷ്ട്രീയമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ബിജെപി ജനങ്ങളുടെ സേവനത്തിലാണ് വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തത്. ജാര്‍ഖണ്ഡിലെ ജെഎംഎംകോണ്‍ഗ്രസ് സഖ്യം മറിച്ചൊരു രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണങ്ങളുടെ രണ്ടാം പാദത്തിലാണ് പ്രധാനമന്ത്രി ഖുന്തിയിലെത്തിയത്. സംസ്ഥാനത്തിന്റെ വികസനം നടപ്പാക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ബിജെപിയെ മാത്രമാണ് വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നവും, അയോധ്യ തര്‍ക്കത്തിലും പരിഹാരം വൈകിച്ചത് കോണ്‍ഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

‘അയോധ്യ തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരമാണ് ഞങ്ങള്‍ ഉറപ്പാക്കിയത്. കോണ്‍ഗ്രസ് അത് ദശകങ്ങള്‍ നീളാന്‍ അനുവദിച്ചു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ഇപ്പോള്‍ നിലവിലില്ല, അവിടെ പുതുതായി സൃഷ്ടിച്ച കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതല ആദിവാസി വിഭാഗങ്ങളില്‍ പെട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് നല്‍കിയിരിക്കുന്നത്’, പ്രധാനമന്ത്രി വ്യക്തമാക്കി.

ആദിവാസി വിഭാഗങ്ങളില്‍ പെട്ട വോട്ടര്‍മാര്‍ അധികമുള്ള മേഖലയാണ് ജാര്‍ഖണ്ഡ്. ‘രാമ ഭഗവാന്‍ അയോധ്യ വിട്ടിറങ്ങിയത് രാജകുമാരനായാണ്, 14 വര്‍ഷത്തിന് ശേഷം മര്യാദാ പുരുഷോത്തമനായി അദ്ദേഹം തിരിച്ചുവന്നത് കാട്ടില്‍ ആദിവാസികള്‍ക്കൊപ്പം താമസിച്ച ശേഷമാണ്’, പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നക്‌സലൈറ്റുകളുടെ നടുവൊടിച്ച രഘുബര്‍ ദാസ് സര്‍ക്കാരിനെയും അദ്ദേഹം പ്രശംസിച്ചു.

Top