പ്രചാരണത്തിന് ആവേശം പകരാന്‍ മോദിയെത്തുന്നു

പത്തനംതിട്ട: എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിലെത്തുന്നു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോന്നി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ബിജെപി മീഡിയ സെല്‍ പോസ്റ്റര്‍ പ്രചരണം ആരംഭിച്ചു.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ പ്രധാനമന്ത്രി എത്തുന്നത് കോന്നി, റാന്നി, അടൂര്‍, ആറന്മുള, തിരുവല്ല എന്നി മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കോന്നിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. റാന്നിയില്‍ കെ പദ്മകുമാറും അടൂരില്‍ പന്തളം പ്രതാപനും ആറന്മുളയില്‍ ബിജു മാത്യുവും തിരുവല്ലയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളായി മത്സര രംഗത്തുള്ളത്.

ഈഴവ സമുദായത്തിന് സ്വാധീനമുള്ള കോന്നിയില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് എന്‍ഡിഎ ക്യാമ്പ് പങ്കുവയ്ക്കുന്നത്. കോന്നിക്കു പുറമെ മഞ്ചേശ്വരത്തും സുരേന്ദ്രന്‍ മത്സരിക്കുന്നുണ്ട്. ശബരിമല ഉള്‍പ്പെടുന്ന കോന്നി മണ്ഡലത്തില്‍ സ്ത്രീപ്രവേശന വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കി പരമാവധി വോട്ടുപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ബിജെപിയുടെ ശബരിമല സമരത്തിന് നേതൃത്വം നല്‍കിയ നേതാവെന്ന നിലയില്‍ കെ സുരേന്ദ്രന് ഇത് അനുകൂല ഘടകമാകും എന്നാണ് എന്‍ഡിഎ കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇതിനൊപ്പം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൂടിയാകുമ്പോള്‍ എന്‍ഡിഎ ക്യാമ്പിന് അത് കൂടുതല്‍ ആവേശം പകരും.

 

 

 

 

Top