പ്രചാരണം കൊഴുപ്പിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ; മോദിയും രാഹുലും മഹാരാഷ്ട്രയില്‍

മുംബൈ : തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് മഹാരാഷ്ട്രയിലെത്തും.

ജല്‍ഗാവ്, സകോലി എന്നിവിടങ്ങളിലെ ബി.ജെ.പി റാലിയില്‍ പ്രധാനമന്ത്രി മോദി പ്രസംഗിക്കും. മഹാരാഷ്ട്രയെ സേവിക്കാന്‍ അഞ്ച് വര്‍ഷം കൂടി എന്‍.ഡി.എ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റ് ചെയ്തിരുന്നു.

മുംബൈയിലെ ധാരവി, ചാന്ദിവാലി എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ എത്തുന്നത്. ലത്തൂറിലെ റാലിയേയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ എത്തുന്നത്. ബി.ജെ.പി ഹരിയാന ഘടകം ഇന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കും.

രാവിലെ 10.30ന് ചണ്ടിഗഡിലെ ലളിത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയാണ് പത്രികയുടെ പ്രകാശനം നിര്‍വഹിക്കുക. ശേഷം ഹരിയാനയിലെ പഞ്ച്കുലയിലെ പൊതുസമ്മേളനത്തിലും നദ്ദ പങ്കെടുക്കും. ഇതിന് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഹരിയാനയില്‍ രണ്ടിടത്ത് ഇന്ന് പ്രചാരണത്തിനെത്തുന്നുണ്ട്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24ന് ഫലം പ്രഖ്യാപിക്കും.

Top