ബിഹാർ സർവകലാശാലയുടെ അഡ്മിറ്റ് കാർഡിൽ മോദിയും ധോണിയും; സംഭവം വിവാദത്തിൽ

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെയും ചിത്രങ്ങൾ ബിഹാറിലെ സംസ്ഥാന സർവകലാശാലയുടെ പരീക്ഷാ അഡ്മിറ്റ് കാർഡിൽ. ധർഭാംഗയിലെ ലളിത് നാരായൺ മിഥില സർവകലാശാലയുടെ പരീക്ഷയിലാണ് വിചിത്ര സംഭവം. മോദിക്കും ധോണിക്കുമൊപ്പം ബിഹാർ ഗവർണർ ഫാഗു ചൗഹാന്റെ ചിത്രവും അഡ്മിറ്റ് കാർഡിൽ കണ്ടെത്തിയിട്ടുണ്ട്.

ലളിത് നാരായൺ സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളിലെ ബി.എ മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷാ അഡ്മിറ്റ് കാർഡിലാണ് സംഭവം. മധുബാനി, സമസ്തിപൂർ, ബെഗുസറായ് എന്നിവിടങ്ങളിലുള്ള കോളജുകളിലാണ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ മോദി, ധോണി, ചൗഹാൻ ചിത്രങ്ങളടങ്ങിയ അഡ്മിറ്റ് കാർഡുകളുമായി എത്തിയത്.

സോഷ്യൽ മീഡിയയിലൂടെയാണ് സംഭവം അറിഞ്ഞതെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സർവകലാശാലാ രജിസ്ട്രാർ മുഷ്താഖ് അഹ്മദ് പറഞ്ഞു. വിവാദ അഡ്മിറ്റ് കാർഡുകളുമായി എത്തിയ വിദ്യാർത്ഥികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.

അഡ്മിറ്റ് കാർഡിനായി വിദ്യാർത്ഥികൾ നേരിട്ടാണ് ഫോട്ടോയും മറ്റു വിവരങ്ങളും ചേർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ ചേർത്ത് സർവകലാശാലയുടെ ഡാറ്റ സെന്ററിൽനിന്ന് അഡ്മിറ്റ് കാർഡുകൾ തയാറാക്കുകയാണ് ചെയ്യുന്നത്. ഓൺലൈനായാണ് അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്നത്. ഓരോരുത്തർക്കും നൽകിയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചു മാത്രമേ ഇതു ഡൗൺലോഡ് ചെയ്യാനാകൂ. വിവരങ്ങൾ നൽകിയപ്പോൾ ചില വിദ്യാർത്ഥികൾ ദുരുദ്ദേശ്യപൂർവം മറ്റു ഫോട്ടോ ചേർത്തതാണെന്നു സംശയിക്കുന്നതായും സർവകലാശാലാ രജിസ്ട്രാർ മുഷ്താഖ് പ്രതികരിച്ചു.

Top