‘ഭരണ തുടര്‍ച്ചയുണ്ടാകും, വാഗ്ദാനങ്ങള്‍ നിറവേറ്റും’; ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് മോദി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു വാര്‍ത്താ സമ്മേളനം.

അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി. രാജ്യം ഇനിയും മുന്നോട്ട് പോകാനുണ്ട്. അടുത്ത തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും, വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും മോദി അറിയിച്ചു.

മോദി ഭരണം വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷായും പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തെരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ശൌചാലയം, വൈദ്യുതി, ഗ്യാസ് എല്ലാവര്‍ക്കും ലഭ്യമാക്കി. രാജ്യത്ത് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. 50 കോടി ജനങ്ങളുടെ വികസനം കേന്ദ്രം ഉറപ്പുവരുത്തി. ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ എന്നിവരുടെ വികസനം ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

ജനുവരി മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട 120 സീറ്റുകളില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മേം ബി ചൌകിദാര്‍’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. അത് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

Top