അര ലിറ്റര്‍ പെട്രോളിന് 50 രൂപ, കെ സുരേന്ദ്രന്റെ നാവ് പൊന്നാണ് ; ഷാഫി പറമ്പില്‍

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പഴയ പ്രസ്താവനയെ കളിയാക്കി ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അര ലിറ്റര്‍ പെട്രോളിന് 50 രൂപയായത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് സുരേന്ദ്രന്‍ പറഞ്ഞതിനെയാണ് ഇപ്പോള്‍ ഷാഫി പറമ്പില്‍ ട്രോളിയിരിക്കുന്നത്. അതേസമയം, ഇന്ധന വില കൊള്ളക്കെതിരെ നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് ഇന്ധനവില പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്.

പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.


ഷാഫി പറമ്പിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം.
കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്.
50 രൂപക്ക് പെട്രോൾ കിട്ടുമ്പോള് വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. #അര_ലിറ്റർ_50 രൂപക്കുറപ്പായിട്ടുണ്ട് .
ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും .

 

Top