പേരിനൊപ്പം ചൗക്കിദാര്‍ ചേര്‍ത്ത് മോദിയും അമിത്ഷായും അടക്കമുള്ള ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും അടക്കമുള്ള ബിജെപി നേതാക്കള്‍ ട്വീറ്റര്‍ അക്കൗണ്ടില്‍ പേരിനൊപ്പം ചൗക്കിദാര്‍ ചേര്‍ത്തു. ട്വിറ്ററിലൂടെ ‘മേം ഭി ചൗക്കീദാര്‍’ എന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആരംഭിച്ചതിന് പിന്നാലെയാണ് ഈ പേര് മാറ്റം. മോദിയും അമിത്ഷായും കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ജെപി നഡ്ഡ, ഹര്‍ഷ്വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പേരിന് മുന്നില്‍ ചൗക്കീദാര്‍ ചേര്‍ത്തു.

റഫാല്‍ കരാര്‍ കേസിനെ മുന്‍നിരത്തി രാഹുല്‍ ഗാന്ധി പൊതു പരിപാടികളില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് ബദലായി ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പമാണ് മേം ഭി ചൗക്കീദാരെന്ന ടാഗ് ലൈന്‍ മോദി ട്വിറ്ററില്‍ കുറിച്ചത്.

‘സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്(കാവല്‍ക്കാരന്‍). നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നുവെന്നും ഞാന്‍ ഒറ്റയ്ക്കല്ല ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നുവെന്നും വീഡിയോടൊപ്പം മോദി ട്വീറ്റ് ചെയ്തു.

Top