ഡല്‍ഹിയിലിരുന്ന് ചിലര്‍ എന്നെ ജനാധിപത്യത്തിന്റെ പാഠം പഠിപ്പിക്കുന്നു; മോദി

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പരോക്ഷമായി മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ദിവസവും തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കുള്ള കണ്ണാടിയാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു. രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചിലര്‍. അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. കേന്ദ്രഭരണപ്രദേശമായതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നു. പുതുച്ചേരിയില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നിട്ടുപോലും അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. ആ പുതുച്ചേരിയെ ഭരിക്കുന്നവരാണ് എന്ന ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ വരുന്നത്’-മോദി പറഞ്ഞു.

കോവിഡ് മഹാമാരിയേയും തോല്‍പ്പിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ജമ്മുവിലെ ജനങ്ങള്‍ വികസനത്തിനായി വോട്ട് ചെയ്തു. സമാധാനപരമായി വോട്ടെടുപ്പ് നടന്നു. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് എന്ന ആശയം ജമ്മുവിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top