യോഗി കൊണ്ടുവന്ന വികസനം എസ്.പി, ബിഎസ്പി സര്‍ക്കാരുകള്‍ക്ക് സാധിക്കാത്തതെന്ന് മോദി

ഉത്തര്‍പ്രദേശ്: സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്ന സമയത്ത് യു.പിയുടെ വികസനത്തിന് താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്തുണ ലഭിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊണ്ടുവന്ന വികസനം എസ്.പിയുടെയോ ബിഎസ്പിയുടെയോ സര്‍ക്കാരിന് കൊണ്ടുവരാത്തതാണെന്നും മോദി അവകാശപ്പെട്ടു.

അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ യു.പിയില്‍ മാഫിയകളെയും ക്രിമിനലുകളെയുമാണ് സഹായിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇത്തവണ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് രണ്ട് തവണ ഹോളി ആഘോഷിക്കാന്‍ അവസരമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് ഒന്നാമത് മാര്‍ച്ച് 10ന് ഫലം വരുമ്പോള്‍ ബിജെപിയ്ക്ക് ബമ്പര്‍ വിജയം തന്നെ സമ്മാനിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘അവര്‍(എസ്.പി) വിഷമുളളവരാണ്. ജാതിയുടെ പേരില്‍ അവര്‍ സമൂഹത്തില്‍ വിഷം പടര്‍ത്തും. അധികാരത്തിന് വേണ്ടി കുടുംബത്തിനുളളില്‍ തന്നെ അവര്‍ തമ്മിലടിക്കും.’ മോദി യു.പിയിലെ ഹര്‍ദോയിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് മാത്രമേ യു.പിയില്‍ വികസനം കൊണ്ടുവരാന്‍ സാധിക്കൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിന്‍ ലാദനെപ്പോലെയുളളവരെ ബഹുമാനിക്കുന്ന സമാജ്‌വാദി പാര്‍ട്ടി സൈനികരെ അപമാനിക്കാറുണ്ടെന്നും മോദി ആരോപണം ഉന്നയിച്ചു.

Top