കോവിഡ്19 വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി മോഡേണ

ന്യൂയോര്‍ക്ക്: കോവിഡ്19 മഹാമാരിക്കെതിരെ ഫലപ്രദമായ വാക്സിനുമായി യുഎസ്. അമേരിക്കയിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേണയാണ് കൊറോണയ്‌ക്കെതിരെയുള്ള പരീക്ഷണാത്മക വാക്‌സിന്‍ 94.5% ഫലപ്രദമാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. മൂന്നാം ഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിജയമാണെന്ന അനുമാനത്തിലെത്തിയത്. യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്സ് അസര്‍ ആണ് മോഡേണ കൊറോണ വൈറസ് വാക്സിന്‍ ട്രയല്‍ വാര്‍ത്തയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയായാണ് നല്‍കുന്നത്. വാക്സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും ദുര്‍ബലരായ 20 ദശലക്ഷം പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നു. കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതിയില്‍ ആരംഭിക്കും.

കൊറോണ വൈറസിനെതിരെ വിജയം കണ്ട അമേരിക്കയില്‍ നിന്നുമുള്ള രണ്ടാമത്തെ വാക്സിനാണിത്. കഴിഞ്ഞ ദിവസം ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. ഈ വാക്സിന്‍ രോഗത്തിനെതിരെ 90% ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഫൈസറിന്റെ വാക്സിന്‍ മൈനസ് 75 ഡിഗ്രി സെല്‍ഷ്യസില്‍ അഥവാ മൈനസ് 103 ഡിഗ്രി ഫാരന്‍ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. അതു കൊണ്ടു തന്നെ വാക്സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം ഒരു പ്രശ്നമായിരുന്നു. വാക്സിന്‍ വിതരണം ചെയ്യുന്ന ഡോക്ടര്‍മാരുടെ ഓഫീസുകളിലും ഫാര്‍മസികളിലും ഇതു സൂക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഫൈസറിനോട് പരീക്ഷണം തുടരാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍, മോഡേണയുടെ വാക്സിന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാല്‍ മതി. ഫൈസറിന്റെ വാക്സിന്‍ ഫ്രീസറില്‍ പരമാവധി അഞ്ച് ദിവസം മാത്രമേ സൂക്ഷിക്കാന്‍ പറ്റുള്ളൂവെങ്കില്‍ മോഡേണയുടെ വാക്സിന്‍ 30 ദിവസം ഫ്രിഡ്ജില്‍ നിലനില്‍ക്കും.

Top