അപകട ദിവസത്തിന് മുൻപും അവരെ അജ്ഞാത വാഹനം പിന്തുടർന്നിരുന്നു ?

കൊച്ചി: അപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ അപകടത്തിനു മുന്‍പുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടര്‍ന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനു മുന്‍പില്‍ ഇതേ വാഹനം കണ്ടു ഭയന്നാണു പാര്‍ട്ടി പൂര്‍ത്തിയാകും മുന്‍പു സുഹൃത്തുക്കള്‍ക്കൊപ്പം മോഡലുകള്‍ ഹോട്ടല്‍ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചെന്ന് മനോരമയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

അന്ന് ഇവരെ പിന്‍തുടര്‍ന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുന്‍പുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടര്‍ന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂര്‍ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടര്‍ന്നതു ശ്രദ്ധയില്‍പെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിട്ടുണ്ട്. അഞ്ജനയെ പിന്തുടര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അന്‍സി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഇതേ വാഹനം പിന്‍തുടര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 നു രാത്രിയില്‍ ഇതേ വാഹനം നമ്പര്‍ 18 ഹോട്ടലില്‍ എത്തിയതിനു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കമാണു ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്നു നശിപ്പിച്ചത്.

അന്‍സിയും അഞ്ജനയും ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറുകളിലേക്കു 2 മാസത്തിനിടയില്‍ വിളിച്ച മുഴുവന്‍ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ പിന്തുടര്‍ന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ ഈ കേസിലെ നിര്‍ണായക അറസ്റ്റുണ്ടാവും.

അതേസമയം, അന്വേഷണം ഏറ്റെടുത്ത പ്രത്യേക സംഘം ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാണ്‌.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെ സംരക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.

അപകടം നടന്നതിന് പിന്നാലെ റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അപകടത്തിന് മുമ്പ് ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ മറക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റോയിയുടെ നീക്കമെന്നും സംശയിക്കുന്നു. ഹോട്ടലിന് സമീപത്തെയും നിരത്തുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.

പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഔഡി കാറില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജുവാണ് അപകടശേഷം ഹോട്ടലുടമയെ വിവരം അറിയിച്ചത്. സൈജു മുമ്പ് ലഹരി ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം എക്‌സൈസ്, നാര്‍ക്കോട്ടിക് വിഭാഗങ്ങളോട് തേടിയിട്ടുണ്ട്. ഹോട്ടലുടമ നശിപ്പിച്ച ഡിവിആര്‍ കണ്ടെത്തി ദുരൂഹത മാറ്റണമെന്ന് മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

Top