മോഡലുകളുടെ മരണം; മൊഴികള്‍ അവിശ്വസനീയം, സൈജു തങ്കച്ചന്‍ അറസ്റ്റില്‍

കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ പിന്തുടര്‍ന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നായിരുന്നു സൈജുവിന്റെ അവകാശവാദം. എന്നാല്‍, ഇത് വിശ്വസനീയമല്ലാത്തതിനാലാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡി ജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ നിര്‍ണായക തെളിവാണ് ഈ ഹാര്‍ഡ് ഡിസ്‌ക്. മീന്‍പിടിക്കാനിട്ട വലയിലാണ് ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

Top