മോഡലുകളുടെ മരണം; പൊലീസ് ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് ?

മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് നടത്തുന്നത് പ്രഹസന അന്വേഷണം. ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അന്വേഷണം അട്ടിമറിക്കാനാണോ എന്നതാണ് സംശയം ഉണര്‍ത്തുന്നത്. മത്സരയോട്ടം നടന്നതായി പറയുന്ന പൊലീസ് അന്‍സി കബീര്‍ ഉള്‍പ്പെടെ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെതിരെ ഐപിസി 279 പ്രകാരം അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് കേസെടുത്ത് കേസ് ഒതുക്കാനാണ് ശ്രമിക്കുന്നത്. അപകടത്തില്‍പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകുക.

സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വിളിപ്പിച്ചാല്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണു പൊലിസിന്റെ ഭാഷ്യം. കുണ്ടന്നൂരില്‍ വാക്കുതര്‍ക്കമല്ലന്ന പൊലീസ് വാദം തന്നെ സംശയകരമാണ്. യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ഹോട്ടലില്‍ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാന്‍ പറയുന്നതിനാണു പിന്തുടര്‍ന്നത് എന്നുമാണ് സൈജു നല്‍കിയ മൊഴിയിലുള്ളതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ യുവതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കാം എന്ന് സൈജു പറഞ്ഞത് എന്തിനാണ് ? അസ്വാഭാവികതയുള്ള നടപടിയാണിത്. ഡി.ജെ നടന്ന ഹോട്ടലിന്റെ ഉടമയുമായി അടുപ്പമുള്ള വ്യക്തി കൂടിയാണ് സൈജു. ഈ ഹോട്ടലിനെ സംബന്ധിച്ച് മുന്‍പും പല തവണ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ ഉള്‍പ്പെടെ ഉള്ളവര്‍ക്കു മുന്നിലും ഹോട്ടലില്‍ നടക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ലഹരി വസ്തുക്കള്‍ തേടിയുള്ള പ്രത്യേക പൊലീസ് സംഘത്തിന്റെ ഓപ്പറേഷന്‍ വാഗമണ്‍ ഓപ്പറേഷനോടെ തീരുകയും ചെയ്തു.

കൊച്ചിയിലെ ഈ വിവാദ ഹോട്ടലിലെ പൊലീസ് പരിശോധന തടഞ്ഞത് ഏത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. രാഷ്ട്രീയത്തിലും പൊലീസിലും വന്‍ സ്വാധീനമുള്ള വ്യക്തിയാണ് ഹോട്ടലുടമ. ഇവിടെ ലഹരി പാര്‍ട്ടിക്കായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്നത്തെ പൊലീസ് മേധാവിക്ക് നല്‍കിയിരുന്നത്. എന്നിട്ടും റെയ്ഡിന് റെഡ് സിഗ്‌നല്‍ ഉയരുകയാണ് ഉണ്ടായത്. അന്ന് പൊലീസ് കര്‍ക്കശ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഈ മോഡലുകള്‍ ഉള്‍പ്പെടെ ഒരു പക്ഷേ മരണപ്പെടില്ലായിരുന്നു. ഈ ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടി പുലര്‍ച്ചെ വരെ നീളാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്റ്റേഷനു തൊട്ടു മുന്നിലുള്ള ഹോട്ടലായിട്ടും ഇതിന് അവര്‍ക്ക് സാധ്യമാകുന്നത്. ഉന്നത ബന്ധങ്ങള്‍ തന്നെയാണ്.

സ്ഥലം ഇന്‍സ്‌പെക്ടര്‍ അസി.കമീഷണര്‍ തുടങ്ങിയവര്‍ക്ക് മുന്‍പ് ഇവിടെ പ്രത്യേക മുറി തന്നെ ഹോട്ടലുടമ ഒരുക്കി കൊടുത്തതായും വിവരമുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ടോ എന്നത് വ്യകതമാക്കേണ്ടത് ഇനി പൊലീസാണ്. അപകടത്തെ തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ഉടനെയാണ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങ് ഏരിയയിലെയും ഡി.ജെ. നടന്ന ഹാളിലെയും ദൃശ്യങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഹോട്ടലുടമ പറഞ്ഞിട്ടാണ് നശിപ്പിച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചു കഴിഞ്ഞു. ഇത് എന്തിനു വേണ്ടി ആയിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ ‘അപകട’ മരണം ഉള്‍പ്പെടെ എല്ലാറ്റിനും ഉത്തരമാകും. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണം കൊണ്ട് ഈ കേസ് എവിടെയും എത്താന്‍ പോകുന്നില്ല.

നിലവില്‍ ഹോട്ടല്‍ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഒളിവിലാണെന്നു പറയാനാകില്ലന്നാണ് വാദം.ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനു തെളിവു നശിപ്പിച്ചെന്ന പേരില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന വിചിത്ര വാദവും പൊലീസ് നിരത്തുന്നുണ്ട്.

അകത്തു നടന്ന ഇടപാടുകളും ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്ന നിഗമനവും തെറ്റാണ്.ഈ നിഗമനത്തില്‍ പൊലീസിന് എത്തണമെങ്കില്‍ ആ ദൃശ്യങ്ങള്‍ വീണ്ടെടുത്തേ മതിയാകൂ. അതേസമയം ഹോട്ടലിനു പുറത്തേക്കു യുവതികള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചന. ഇതില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്താണ് ഇറങ്ങി പോകുന്നതെന്ന് പൊലീസ് പറഞ്ഞതായാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും പുറത്ത് വരേണ്ട കാര്യം തന്നെയാണ്. ഡ്രൈവറെ ശരിക്കും ചോദ്യം ചെയ്താല്‍ ഇതിനെല്ലാം ഉള്ള ഉത്തരം ലഭിക്കും. അതല്ലാതെ സിനിമയെ വെല്ലുന്ന തിരക്കഥ പൊലീസ് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉണ്ട്;

1. പുലര്‍ച്ച വരെ ഡി.ജെ പാര്‍ട്ടി നടത്താന്‍ ആരാണ് ഹോട്ടല്‍ ഉടമക്ക് അനുമതി കൊടുത്തത് ?

2.  ഈ ഹോട്ടലിനെതിരെ പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തു കൊണ്ട് റെയ്ഡ് നടത്തിയില്ല ?

3.  ഹോട്ടലില്‍ വന്ന മോഡലുകള്‍ സഞ്ചരിച്ച വാഹനം ആഢംബരകാര്‍ പിന്തുടര്‍ന്നത് ഹോട്ടലില്‍ റൂം നല്‍കാമെന്ന് പറയാനാണെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യം എന്താണ് ?

4.  അപകടം നടന്ന സ്ഥലത്ത് ഹോട്ടലുടമ എത്തിയതും പിന്നീട് മുങ്ങിയതും എന്തിനാണ് ? ‘മടിയില്‍ കനമുള്ളവനേ ഭയമുണ്ടാവൂ എന്നത് ആരും തന്നെ മറന്നു പോകരുത്’.

5.  ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ ഉള്ളവരുടെ സി.ഡി.ആര്‍ പരിശോധിച്ചിട്ടുണ്ടോ ?

ഈ ചോദ്യങ്ങള്‍ക്ക് പൊലീസ് ഉന്നതരാണ് മറുപടി നല്‍കേണ്ടത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാലും നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാലും അത് നിസാരവല്‍ക്കരിക്കുന്നത് ശരിയല്ല. അതു പോലെ തന്നെ ഭയപ്പെടുത്തുന്ന രൂപത്തില്‍ ഒരു വാഹനം പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു ശേഷം വാഹനം അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഐ.പി.സി 279 പ്രകാരം അമിത വേഗതക്ക് മാത്രം കേസെടുത്ത് ഒതുക്കുന്നതും കേസ് അട്ടിമറിക്കാന്‍ തന്നെയാണ്.

EXPRESS KERALA VIEW

Top