ആരെയാണ് സൽമാനും രക്ഷിക്കാൻ ശ്രമിക്കുന്നത് ? സർവ്വത്ര ദുരൂഹത

കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്ന് ഇരുവരുടെയും സുഹൃത്തായ സല്‍മാന്‍ പറഞ്ഞതില്‍ തന്നെ വലിയ ദുരൂഹതയാണുള്ളത്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വാഹനം ഓടിച്ച അബ്ദുള്‍ റഹ്‌മാനൊപ്പം ഇത്തരം ഒരു പ്രതികരണം നടത്താന്‍ സല്‍മാനെ പ്രേരിപ്പിച്ചതിന്റെ പിന്നിലെ ‘കാരണം’ പുറത്തു വരേണ്ടതു തന്നെയാണ്. വിവാദ ഹോട്ടല്‍ മുതലാളിയെയും മോഡലുകള്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന വ്യക്തിയെയും വെള്ള പൂശുന്ന ഈ നിലപാട് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയവും വ്യാപകമായി കഴിഞ്ഞു.

അന്‍സി കബീറിനും അഞ്ജന ഷാജനും, ആഷിഖിനെയും അബ്ദുള്‍ റഹ്‌മാനേയും പരിചയപ്പെടുത്തികൊടുത്തത് താനാണെന്നതും സല്‍മാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 2017-ല്‍ കോഴിക്കോട് നടന്ന മിസ് മലബാര്‍ മത്സരത്തിനിടെയാണ് അന്‍സിയുമായി പരിചയപ്പെടുന്നതെന്നും, തുടര്‍ന്ന് അന്‍സിയുടെ സുഹൃത്തായിരുന്ന അഞ്ജനയെ പരിചയപ്പെടുകയായിരുന്നു എന്നുമാണ് സല്‍മാന്‍ പറയുന്നത്. പിന്നീട് ഇവര്‍ അഞ്ചുപേരും ഉറ്റസുഹൃത്തുക്കളായി മാറുകയായിരുന്നുവത്രെ. ഇതിനിടെ അഞ്ജനയും അബ്ദുറഹ്‌മാനും പ്രണയത്തിലായെന്നും, ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഈ വാദത്തിന്റെ മുന അഞ്ജനയുടെ സഹോദരന്‍ തന്നെ ഒടിച്ചിട്ടുണ്ട്. അങ്ങനെ ഒരു പ്രണയവും വിവാഹ ആലോചനയും അഞ്ജനയുടെ കുടുംബത്തെ സംബന്ധിച്ച് ആദ്യ അറിവാണ്. അഞ്ജനയും അബ്ദുല്‍ റഹ്‌മാനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു സല്‍മാന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, ആദ്യമായാണ് ആ പയ്യനെ കാണുന്നതെന്നുമാണ് സഹോദരന്‍ അര്‍ജുന്‍ പറയുന്നത്. തന്നോടു പറയാന്‍ പറ്റില്ലെങ്കിലും അങ്ങനെ ഒരു ബന്ധമുണ്ടെങ്കില്‍ അമ്മയോടെങ്കിലും അവര്‍ പറയേണ്ടതായിരുന്നു എന്നും സഹോദരന്‍ പറഞ്ഞിട്ടുണ്ട്. അഞ്ജനയ്ക്കു വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു, ഒരു വര്‍ഷം കഴിഞ്ഞ് വിവാഹത്തിന് അവള്‍ സമ്മതിക്കുകയും ചെയ്തതാണ്, മറ്റെന്തെങ്കിലും ബന്ധമുള്ളതായി അറിവില്ലെന്ന കാര്യത്തില്‍ ശക്തമായാണ് അര്‍ജുന്‍ ഉറച്ചു നില്‍ക്കുന്നത്. ഇതോടെ ദുരൂഹത കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

തന്റെ പ്രതികരണത്തിലൂടെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ‘വെള്ളപൂശാനാണ്’ ബോധപൂര്‍വ്വം സല്‍മാന്‍ ശ്രമിച്ചിരിക്കുന്നത്. അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇയാളുടെ വാദം. സല്‍മാന് സ്വന്തം അനുഭവം പറയാം മറ്റുള്ളവരുടേത് പറയണമെങ്കില്‍ അവരാണ് പറയേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ആ രണ്ട് പെണ്‍കുട്ടികളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുമില്ല.

അപകട സമയത്ത് അന്‍സിയും അഞ്ജനയും സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റേതായിരുന്നു. അതുകൊണ്ടുതന്നെ ഈ വാഹനങ്ങളില്‍ ഉണ്ടായ മദ്യകുപ്പികളുടെ കാര്യത്തില്‍ സല്‍മാനും ഉത്തരവാദിത്വമുണ്ട്. മാത്രമല്ല ഈ വാഹനത്തിന്റെ ഫിറ്റ്‌നസ്സും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. അഞ്ജന ഷാജന് ഹോട്ടലില്‍വച്ചു രണ്ടു തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും അത് അവള്‍ നിരസിച്ചിരുന്നെന്നു വിവരം കൂടി സഹോദരന്‍ അര്‍ജുന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കു ശേഷം രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. ഇതു പൊലീസ് തന്നെ കാണിച്ചിരുന്നതായാണ് അര്‍ജുന്‍ പറയുന്നത്.

അഞ്ജന ചില നൃത്തച്ചുവടുകള്‍ ചെയ്യുന്നത് വിഡിയോയില്‍ കാണാം. പാര്‍ട്ടി കഴിഞ്ഞ് അഞ്ജന സന്തോഷത്തോടെ ഇറങ്ങിപ്പോരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നു മദ്യക്കുപ്പി ലഭിച്ചെന്നു പറയുന്ന സാഹചര്യത്തില്‍ ഹോട്ടലില്‍ നിന്നു നാലു പേരും കയ്യും വീശി ഇറങ്ങിയപ്പോള്‍ കുപ്പികള്‍ എവിടെ നിന്നു വന്നു എന്നറിയാന്‍ ഇനി കാര്‍ ഉടമയെയും അബ്ദുള്‍ റഹ്‌മാനെയും വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യണം. ആരൊക്കെ എന്തൊക്കെ ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ചാലും യാഥാര്‍ത്ഥ്യം പുറത്തു വരിക തന്നെ വേണം. അതല്ലങ്കില്‍ അത് കേരള പൊലീസിനു തന്നെയാണ് നാണക്കേടായി മാറുക.

ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും വിഡിയോയില്‍ ഇല്ലെന്നും അര്‍ജുന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാറോടിച്ച അബ്ദുള്‍ റഹ്‌മാന്‍ പൊലീസിനു നല്‍കിയ മൊഴി ശരിയാണോ എന്നത് വീണ്ടും പരിശോധിക്കുക തന്നെ വേണം.

അപകടം നടന്ന രാത്രി അമ്മയ്ക്ക് അഞ്ജന വോയ്സ് മെസേജ് ഇട്ടിരുന്നു. പുറത്താണ് ഉള്ളതെന്നും അന്‍സി കൂടെയുണ്ട് നാളെ വരാമെന്നുമായിരുന്നു അവസാനത്തെ വോയ്സ് മെസേജ്. വരില്ലെന്നു പറഞ്ഞ അഞ്ജന അര്‍ദ്ധരാത്രി തന്നെ എന്തിനു വീട്ടിലേക്ക് തിരിച്ചു എന്നതിനും വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.

EXPRESS KERALA VIEW

Top