മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കി. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി. ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. മെയ് 13ന് ആണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തിയത്. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപന നടത്തിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തത്.

Top