മോഡൽ ഷഹാനയുടെ മരണം; ബന്ധുക്കളുടെ മൊഴിയെടുത്തു

മലപ്പുറം: മോഡൽ ഷഹാനയുടെ മരണത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. ചെറുവത്തൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഷഹാനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും സഹോദരൻ ബിലാൽ പറഞ്ഞു.

മുറിയിൽ രണ്ട് ഗ്ലാസ് ചായ ഉണ്ടാക്കിവച്ചിരിക്കുന്നത് കണ്ടു. ഷഹാന ചായ കുടിക്കുന്ന ആളല്ല. അപ്പോൾ ആ ചായ ആർക്കുവേണ്ടിയാണെന്നത് വ്യക്തമാക്കണം. തൂങ്ങിനിൽക്കുന്ന സമയത്ത് ഒറ്റക്ക് ഷഹാനയെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുകിടത്തിയെന്നാണ് ഭർത്താവ് പറഞ്ഞത്. അതിലും വ്യക്തത വരണമെന്ന് സഹോദരൻ പ്രതികരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് എസിപി കെ സുദർശനൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലേക്ക് എത്തിയത്. ഷഹാനയുടെ ഉമ്മ, സഹോദരൻ എന്നിവർ ഉൾപ്പെടെ ആറു പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സജ്ജാദിൻ്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.

Top