കോൺഗ്രസിന് കുടുംബമാണ് പാർട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് മോദി

ന്യൂഡൽഹി: സജീവരാഷ്ട്രീയത്തിലേക്ക് ചൂവട് വെച്ച പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം, എന്നാൽ ചിലർക്ക് കുടുംബമാണ് പാർട്ടി. കോൺഗ്രസിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകരമാണ്. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കവേയാണ് മോദി ഈ പരാമർശം നടത്തിയത്.

രാജ്യത്തിനായി സമർപ്പിച്ച പ്രവർത്തകർ നിർമിച്ചതാണ് ബിജെപിയെ. ജനാധിപത്യമൂല്യങ്ങൾ കൈവിടരുത്. ജനാധിപത്യമാണ് നമ്മുടെ സംസ്‌കാരം. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള പാർട്ടിയാണ് ബിജെപി. ജനങ്ങളുടെ താത്പര്യത്തിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തകർ പോരാടുന്നത് എന്നും മോദി പറഞ്ഞു.

തുടങ്ങിവെച്ച പദ്ധതികളെല്ലാം പൂർത്തീകരിച്ചുവരികയാണ്. ഞങ്ങൾ തുടങ്ങാത്ത പദ്ധതികളും പൂർത്തീകരിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകിയ നടപടിയെ പിൻവാതിലിൽ കൂടി കോടതിയിൽ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസെന്നും മോദി വിമർശിച്ചു.

Top