പുതുക്കിയ മൊബൈല്‍ സേവന നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി : മൊബൈൽ ഫോൺ കോൾ, ഇന്‍റര്‍നെറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 42 ശതമാനമാണ് നിരക്കുകളിൽ വരുന്ന വർധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും.

പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകൾക്കും നിയന്ത്രണമാകും. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക.

28 ദിവസ പ്ലാനുകളിൽ ആയിരം മിനിറ്റും 84 ദിവസത്തേതിൽ 3000 മിനിട്ടും ഒരു വർഷത്തേതിൽ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നൽകണം. എയര്‍ടെല്ലും റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിലയൻസ് ജിയോ 40 ശതമാനം നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവിൽ വരുക.

ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വർധന. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുണ്ട്.

Top