മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ആര്യനാട് ചാങ്ങ ചാരുപാറ തടത്തരികത്ത് വീട്ടില്‍ കിച്ചു (34) ആണ് ടവറിന് മുകളില്‍ കയറി താഴേയ്ക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്. ഫയര്‍ഫോഴ്സും പൊലീസും എത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ താഴെ ഇറക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഇയാളുടെ പാരാക്രമം കണ്ട പ്രദേശവാസികള്‍ കാട്ടാക്കട ഫയര്‍ഫോഴ്സിനെയും ആര്യനാട് പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്യനാട് പൊലീസും കാട്ടാക്കട ഫയര്‍ഫോഴ്സും ഇയാളെ താഴെയിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടെ, ടവര്‍ നിര്‍മ്മാണത്തിനായി എത്തിയ ഡല്‍ഹി സ്വദേശി ഇര്‍ഷാദ് മറ്റൊരു വശത്തുകൂടി ടവറിന്റെ മുകളില്‍ കയറി സാഹസികമായി കിച്ചുവിനെ മുണ്ടുപയോഗിച്ച് ടവറില്‍ കെട്ടിവച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, പ്രദീപ്കുമാര്‍, പ്രസാദ് കുമാര്‍ എന്നിവര്‍ ടവര്‍ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന വലിയ വടം ഉപയോഗിച്ച് രാത്രി 7.30ഓടെ താഴെയെത്തിക്കുകയായിരുന്നു.

വീണ്ടും അക്രമാസക്തനായ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാളെ വീണ്ടും കൈയും കാലും കെട്ടി ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുന്‍പും ഇയാള്‍ റബര്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായി ആര്യനാട് പൊലീസ് അറിയിച്ചു. അന്നും ഫയര്‍ഫോഴ്സ് വളരെനേരം നടത്തിയ ശ്രമത്തിനൊടുവില്‍ താഴെയിറങ്ങിയ കിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കളുമൊത്ത് തമിഴ്നാട്ടില്‍ പോയി മദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തിയകേസിലും ഇയാള്‍ പ്രതിയാണ്. അന്ന് മദ്യം കൊണ്ടുവന്ന സംഘത്തിലെ സുഹൃത്തിനെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലും ഇയാള്‍ക്കെതിരേ ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ മദ്യപാനവും അക്രമവും കാരണം വീട്ടിലും സമീപവാസികള്‍ക്കും ബുദ്ധിമുട്ടുള്ളതായും പരാതികളുണ്ട്.

Top