കടുത്ത പ്രതിസന്ധി; ടെലികോം കമ്പനികള്‍ സേവനനിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കും?

മുംബൈ: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ നെഞ്ചിടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടെലികോം സേവനനിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കും. നിരക്കുകള്‍ വര്‍ധിപ്പിക്കാത്ത പക്ഷം വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം.

ഈ മേഖലയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വൊഡാഫോണ്‍ ഐഡിയ കമ്പനിയാണ് . സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എ.ജി.ആര്‍. കുടിശ്ശികയാണ് വൊഡാഫോണ്‍ ഐഡിയ കമ്പനിയെ മുക്കിയിരിക്കുന്നത്.

അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ നിധിയില്‍ നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാരിപ്പോള്‍ പരിഗണിച്ചുവരികയാണ് എന്നാണ് സൂചന.

Top