കുട്ടികള്‍ക്കിടയില്‍ വില്ലനായി മൊബൈല്‍ ഫോണുകള്‍; ജീവനൊടുക്കിയത് 12 കുട്ടികള്‍

മാനന്തവാടി: കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ വില്ലനാകുകയാണ്. കോവിഡ് വ്യാപനം മൂലം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഈ എട്ടു മാസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് 12 കുട്ടികള്‍. ഇതില്‍ എല്ലാവരും 15 വയസ്സില്‍ താഴെയുള്ളവര്‍. ബുധനാഴ്ച ഏഴാം ക്ലാസ് വിദ്യാര്‍ഥിനി തൊണ്ടര്‍നാട് പാലേരി സ്വദേശി ആന്‍ മരിയ തൂങ്ങിമരിച്ചിരുന്നു. 2019ല്‍ ആറു കുട്ടികളാണ് മരിച്ചത്.

മൊബൈല്‍ വാങ്ങി നല്‍കാത്തതിന്റെയും നെറ്റ് റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെയും പേരില്‍ ആത്മഹത്യ നടന്നതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ആത്മഹത്യ ഗൗരവപൂര്‍വം അന്വേഷിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈനുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് തലത്തിലും പിന്നീട് സ്‌കൂള്‍ തലത്തിലും കൗണ്‍സലിങ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Top