മഹാരാഷ്ട്രയില്‍ ജനങ്ങളുടെ അഴിഞ്ഞാട്ടം; ഒന്നര മാസത്തിനിടെ തല്ലിക്കൊന്നത് പത്ത് പേരെ

murder

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് പത്ത് നിരപരാധികളെ. മഹാരാഷ്ട്ര എഡിജിപി ബിപിന്‍ ബിഹാറിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ധുലെ ജില്ലയില്‍ അഞ്ചു പേരെ തല്ലിക്കൊന്നതാണ് അവസാനത്തെ സംഭവം. ഔറംഗാബാദ്, നന്ദുര്‍ബാര്‍, ധുലെ, ജല്‍ഗാവ്, നാസിക്, ബീഡ്, പര്‍ഭനി, നാന്ദെദ്, ലാത്തൂര്‍, ഗോണ്ടിയ, ചന്ദ്രപ്പുര്‍ ജില്ലകളിലാണ് ആള്‍ക്കൂട്ടം നിരപരാധികളെ ആക്രമിച്ചത്രേ.

ധുലെ ജില്ലയിലെ റെയിന്‍പാഡയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന വ്യാജ സന്ദേശമാണ് അഞ്ചു പേരുടെ ജീവനെടുക്കാനിടയാക്കിയത്. സംഘം ചേര്‍ന്നെത്തിയവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇവരെ വളയുകയായിരുന്നു.

സംഘത്തിലെ അഞ്ചു പേര്‍ക്കു കല്ലും വടിയുമുപയോഗിച്ച് ക്രൂര മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവ സ്ഥലത്തു വെച്ചുതന്നെ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പ്രദേശത്തു സജീവമാണെന്ന സന്ദേശം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതാണ് അക്രമത്തിലേക്കു നയിച്ചതത്രേ.

Top