മണിപ്പൂരില്‍ പൊലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ജനക്കൂട്ടത്തിന്റെ ശ്രമം; വെടിയുതിര്‍ത്ത് പൊലീസ്

മണിപ്പൂര്‍: മണിപ്പൂരില്‍ പൊലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂര്‍ റൈഫിള്‍സ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ് തുരത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘര്‍ഷത്തിന് പിന്നാലെ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‌നോപാലിലെ മൊറേയില്‍ കഴിഞ്ഞ ദിവസം മെയ്‌തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാന്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം കൂടിയത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബര്‍ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സര്‍ക്കാര്‍. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് നടപടിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Top