മോഹൻലാൽ പിൻമാറിയത് തന്ത്രപരം, ആനക്കൊമ്പിൽ കുരുക്കുമെന്ന് ഭയന്നു ! !

ടുവില്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ നടന്‍ മോഹന്‍ലാല്‍ നിലപാട് മാറ്റി. തിരിച്ചടി നേരിട്ടതാകട്ടെ ബി.ജെ.പിക്കും.

രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്നും ഒരു നടനായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് മോഹന്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ പഴയ ആനക്കൊമ്പ് കേസില്‍ പിണറായി സര്‍ക്കാറിന്റെ പിടിവീഴുമെന്ന് കണ്ടാണ് ഈ പിന്‍മാറ്റമെന്നാണ് പറയപ്പെടുന്നത്.

കൈവശമുള്ള വന്യജീവികളുടെയും വന്യജീവി ശേഷിപ്പുകളുടെയും വിവരം വെളിപ്പെടുത്തി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നേടാന്‍ 1972-ലും 1978 മുതല്‍ 1991 വരെയും 2003-ലും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍, 2011 ഡിസംബറിലാണ് നടന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നത്. 2012-ല്‍ വനംവകുപ്പ് നടനെതിരേ കേസെടുത്തിരുന്നു എങ്കിലും പിന്നീട് സഹായകരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

mohanlal

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസില്‍ അദ്ദേഹത്തിന് അനുകൂലമായി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടലംഘനമാണെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കിയ പ്രധാന ഘടകം ഇതാണെന്നാണ് ലഭിക്കുന്ന വിവരം.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി മോഹന്‍ലാല്‍ നിരന്തരം സഹകരിക്കുന്നതും ആര്‍.എസ്.എസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലാണ്. ഏത് സീറ്റ് വിട്ടുനല്‍കാനും തയ്യാറാണെന്ന് എം.ടി രമേശും പ്രഖ്യാപിക്കുകയുണ്ടായി.

ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയായപ്പോഴും സേവാഭാരതിയുമായി സഹകരിച്ചപ്പോഴും ഇല്ലാത്ത പ്രതിഷേധമാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തോടെ ലാലിന് നേരിടേണ്ടി വന്നത്.

അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരു വിഭാഗവും പരസ്യമായി മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാലിന്റെ സുഹൃത്തുക്കള്‍ തന്നെ ആനക്കൊമ്പ് കേസ് മാറാപ്പാകും എന്ന് മുന്നറിയിപ്പ് കൂടി നല്‍കിയതോടെ ലാല്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. പരസ്യമായി നിഷേധക്കുറിപ്പ് ഇറക്കാതെ ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരമായി മറുപടി പറയുക എന്ന തന്ത്രമാണ് ഇവിടെ മോഹന്‍ലാല്‍ സ്വീകരിച്ചത്.

ഇതോടെ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വീണ്ടും പൊളിഞ്ഞിരിക്കുന്നത്. പത്മഭൂഷണ്‍ നല്‍കിയത് വെറുതെ ആയല്ലോ എന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പോലും ഇനി തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കാരണം ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുടെ കേരളത്തിലെ ബ്രഹ്മാസ്ത്രമായിരുന്നു മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം.

ചുമ്മാ എടുത്ത തീരുമാനമൊന്നുമല്ല, ആര്‍.എസ്.എസ് നടത്തിയ ആഭ്യന്തര സര്‍വേയിലാണ് ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയിക്കുമെന്നും മറ്റിടങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും കണ്ടെത്തിയിരുന്നത്.

തുടക്കം മുതല്‍ സ്ഥാനാര്‍ത്ഥിത്വമെന്ന ആവശ്യത്തോട് കടുപ്പിച്ച എതിര്‍ നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കാതിരുന്നതാണ് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍, തന്റെ രാഷ്ട്രിയ പ്രവേശനത്തിന് ഇത്ര വലിയ എതിര്‍പ്പും പ്രത്യാഘാതങ്ങളും ലാല്‍ പ്രതീക്ഷിച്ചിരുന്നില്ല.

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങളോട് പരസ്യമായി പ്രതികരിക്കാതിരുന്ന സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാവട്ടെ ലാല്‍ രാഷ്ട്രീയ കുപ്പായം അണിഞ്ഞാല്‍ പ്രതിരോധിക്കാന്‍ ആവനാഴിയില്‍ വന്‍ ആയുധങ്ങള്‍ തന്നെ ശേഖരിച്ച് വച്ചിരിക്കുകയായിരുന്നു. ഈ പിന്മാറ്റത്തോടെ വലിയ സൈബര്‍ ആക്രമണത്തില്‍ നിന്നാണ് മോഹന്‍ലാല്‍ രക്ഷപ്പെട്ടിരിക്കുന്നത്.

Top