മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും

ഐസ്വാള്‍: മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ അധികാരമേല്‍ക്കുന്നത്. മുഖ്യമന്ത്രി സോറാംതാങ്കയ്‌ക്കൊപ്പം അഞ്ചുമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബൈബിള്‍ വചനങ്ങളുടേയും ഹല്ലേലൂയ ഗീതങ്ങളുടെയും അകമ്പടിയോടെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. മിസോറാമിലെ 97 ശതമാനം പേരും ക്രിസ്ത്യന്‍ മത വിശ്വാസികളാണ്.

അതേസമയം ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്ബികര്‍പൂര്‍ എംഎല്‍എ ടിഎസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരില്‍ ചേരുന്നുണ്ട്. 90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ചത്തീസ്ഗഡില്‍ വിജയം നേടിയത്.

കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.

Top