നെടുങ്കണ്ടം കസ്റ്റഡി മരണം: ജൂഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ പ്രതി രാജ്കുമാര്‍ പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പ് ആണ് നെടുങ്കണ്ടത് എത്തി തെളിവെടുപ്പ് നടത്തുക.

രാവിലെ പതിനൊന്ന് മണിക്കെത്തുന്ന കമ്മീഷന്‍ ആദ്യം സ്റ്റേഷനില്‍ പരിശോധന നടത്തും. പിന്നീട് രാജ്കുമാറിനെ ദേഹപരിശോധനക്കായി കൊണ്ടുപോയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി സന്ദര്‍ശിക്കും.പീരുമേട് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷന്‍ കാണും.

കസ്റ്റഡിയിലെ കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ്കുമാര്‍ കൊല്ലപ്പെട്ടതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കാല്‍വെള്ളയിലും തുടയിലും മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദനം തടയാന്‍ എസ്‌ഐ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത മര്‍ദ്ദനമുറകളാണ് ന്യുമോണിയയ്ക്ക് കാരണമായത്. പ്രാകൃതമുറകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Top