കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമരമുഖം;കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി

MN Karassery

കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും പിന്തുണ.

നാണംകെട്ട മൗനം വെടിയൂ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ എന്ന മുദ്രാവാക്യമുയര്‍ത്തി എഴുത്തുകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ കുത്തിയിരിപ്പു സമരത്തിന് മാനാഞ്ചിറക്കു സമീപം തുടക്കമായി.

പൗരാവകാശ ലംഘനത്തിന്റെ പേരില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങേണ്ടി വരുന്നത് ഇന്ത്യയില്‍ ആദ്യത്തെ അനുഭവമാണെന്നും ഈ സമരം ലോകശ്രദ്ധയില്‍ വരുന്നതാണെന്നും എം.എന്‍ കാരശ്ശേരി മാധ്യമങ്ങളോടു പറഞ്ഞു.

പൗരോഹിത്യത്തിന്റെ ഏകാധിപത്യ പ്രവണതകളെ തുറന്നുകാട്ടുന്ന മുന്നേറ്റമാണിത്. ഒരു കന്യാസ്ത്രീ മാനഭംഗത്തെക്കുറിച്ചു പരാതി നല്‍കിയിട്ടു മൂന്നുമാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പോലീസ് നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. പോലീസും സര്‍ക്കാറും പാര്‍ട്ടികളും വേണ്ടത്രഗൗരവം കാണിക്കാത്ിരുന്ന മാധ്യമങ്ങളുമെല്ലാം ഈ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മാനവ മൂല്ല്യങ്ങളും അപഹസിക്കപ്പെടുന്നതിനെതിരായി ജനമനസ്സുണര്‍ത്താന്‍ വേണ്ടിയാണു തങ്ങള്‍ 24 മണിക്കൂര്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്. ഈ സമരം ഏതെങ്കിലും സമുദായത്തിനോ വിശ്വാസത്തിനോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കന്യാസ്ത്രീയും ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ മരിയ തോമസ് സമരം ഉദ്ഘാടനം ചെയ്തു. കന്യാവ്രതമെടുത്തു സ്വയം ദൈവത്തില്‍ സമര്‍പ്പിച്ച ഒരു സ്ത്രീയെ ബിഷപ്പ് പീഢനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ കുറ്റവാളി നിയമത്തിന്റെ പിടിയിലാകുന്നതിനുവേണ്ടിയുള്ള ഉണര്‍ന്നിരിപ്പാണ് ഈ സമരമെന്ന് അവര്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ ഏതെങ്കിലും ഒരു ലക്ഷ്യം മുന്‍നിര്‍ത്തി രാവും പകലും ഉണര്‍ന്നിരിക്കുന്ന നൈറ്റ് വിജില്‍ എന്ന വ്രതം നിറവേറ്റുന്നതു പോലെ നീതിക്കുവേണ്ടിയുള്ള ഉണര്‍ന്നിരിപ്പാണു കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം. അവര്‍ക്കുള്ള കോഴിക്കോടിന്റെ പിന്‍തുണയാണിത്. പ്രളയത്തില്‍ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ ഇറങ്ങിയ കേരളത്തോട്, തങ്ങളെ രക്ഷിക്കാനുള്ള കന്യാസ്ത്രീകളുടെ വിലാപമാണിത്.

കണ്ണൂര്‍ ജില്ലയിലെ കര്‍ഷക ദമ്പതികളുടെ മകളായ താന്‍ 15 ാം വയസ്സില്‍ കന്യാവ്രതം സ്വീകരിച്ച് 20 വര്‍ഷം മഠത്തില്‍ കഴിഞ്ഞു. ഒടുവില്‍ മഠം വിട്ടിറങ്ങേണ്ടിവന്നു. മഠത്തിനു പുറത്തൊരു ജീവിതം സാധ്യമാകാത്തതിനാല്‍ എല്ലാം സഹിച്ചു കഴിയുന്നവരാണേറെയും. പുറത്തു വരുന്നവര്‍ക്കു സംരക്ഷണം നല്‍കുന്ന ഒരു പ്രസ്ഥാനം ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കന്യാസ്ത്രീ എത്രയോ തവണ പീഢിപ്പിക്കപ്പെട്ടിട്ടും ഇത്രയും കാലം എന്തുകൊണ്ടു പരാതി പറഞ്ഞില്ലെന്നു ചോദിക്കുന്നവര്‍ എന്താണു സഭ എന്നറിയാത്തവരാണ്. എട്ടുംപൊട്ടു തികയാത്ത പ്രായത്തില്‍ മഠത്തിലെത്തിച്ചേരുന്ന പെണ്‍കുട്ടിക്കു നിലവിളിക്കാന്‍ പോലുമുള്ള ശക്തി ശേഷിക്കുന്നില്ല. ബിഷപ്പെന്ന ഉന്നതനു കീഴില്‍ വെറും 500 രൂപ ശമ്പളം പറ്റുന്ന അടിമകളായി കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു.

ദൈവ വിളി,കര്‍ത്താവിന്റെ മണവാട്ടി, സെമിനാരി, വേദ പഠനം എന്നിവയെല്ലാം പുറത്ത് വലിയ അലങ്കാരമാണെങ്കിലും കന്യാസ്ത്രീകളുടെ ജീവിതം എന്താണെന്ന് അതനുഭവിച്ചവര്‍ക്കുമാത്രമേ അറിയൂ. മഠത്തിലേക്കയച്ച പെണ്‍കുട്ടി പിന്നീട് എങ്ങനെ കഴിയുന്നു എന്ന കാര്യം കുടുംബം പോലും ആലോചിക്കുന്നില്ല. ഭൂമിയിലെ മാലാഖയെന്ന പട്ടം ചാര്‍ത്തി നീതിന്യായ വ്യവസ്ഥയും ഭരണകൂടവും അവരുടെ വിലാപത്തിനു നേരെ മുഖം തിരിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖ ചിത്രകാരന്‍ സിഗ്‌നി ദേവരാജ് സമരപ്പന്തലിനു മുമ്പില്‍ മുഖം കുനിച്ചിരിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം വരച്ചു. കെ അജിത, ഹമീദ് ചേന്ദമംഗലൂര്‍, ഫാ. ജെ ജെ പള്ളത്ത്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഡോ. പ്രസാദ്, വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. സമരം നാളെ രാവിലെയാണ് സമാപിക്കുക.

Top