പ്രതിപക്ഷ റാലി നടത്തി ബിജെപിയ്ക്ക് മറുപടി നല്‍കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാക്കളെ അണിനിരത്തി ബിജെപിയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഭരണം പിടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ അങ്കത്തിന് കച്ചമുറുക്കി മമത രംഗത്തു വന്നിരിക്കുന്നത്. ജനുവരിയില്‍ തന്നെ പ്രതിപക്ഷ നേതാക്കളയെല്ലാം അണി നിരത്തി റാലി സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ബംഗാളില്‍ ബിജെപിക്കെതിരായ ശക്തിപ്രകടനമായി ഈ റാലിയെ മാറ്റാനാണ് നീക്കം. കൊല്‍ക്കത്തയിലായിരിക്കും റാലി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായും നേരത്തെ മമത ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ അരവിന്ദ് കെജ്രിവാള്‍, എം.കെ.സ്റ്റാലിന്‍, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെയെല്ലാം ബിജെപി വിരുദ്ധ റാലിയില്‍ അണിനിരത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ രംഗത്തെത്തിയത്. തൃണമൂലില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് എത്തുമെന്നും മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു.

”ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടെയായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 ലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും. നിങ്ങള്‍ കൂടുതല്‍ ആക്രമിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുംതോറും ബിജെപി കൂടുതല്‍ കരുത്തോടെ വളരും. തൃണമൂലില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തൃണമൂലില്‍ അവശേഷിക്കുന്ന ഏക വ്യക്തി മമത മാത്രമായിരിക്കും,” അമിത് ഷാ പറഞ്ഞു.

അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം അമിതമായി ഇടപെടുന്നുവെന്ന് മമത ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ക്ക് മമത നന്ദി രേഖപ്പെടുത്തി. ബിജെപിയുടെ അധികാര കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാണ് നന്ദി അറിയിച്ചത്.

Top