നവ കേരള സദസ്സ്; കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ എം എം വര്‍ഗീസ് ഇ ഡിക്ക് മുന്‍പില്‍ ഹാജരായേക്കില്ല

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്‍പില്‍ ഹാജരായേക്കില്ല. തൃശ്ശൂര്‍ ജില്ലയില്‍ നവ കേരള സദസ്സ് നടക്കുന്നത് ചൂണ്ടികാട്ടി വര്‍ഗീസ് ഇ ഡിക്ക് അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വര്‍ഗീസിന് ഇ ഡിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ രണ്ട് തവണ ഇ ഡി ചോദ്യം ചെയ്തത്. പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. അടുത്ത ദിവസങ്ങളില്‍ ഇ ഡിക്കു മുന്‍പില്‍ ഹാജരാകാം എന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞിരുന്നു. പാര്‍ട്ടി ക്രമക്കേട് കാട്ടിയിട്ടില്ലെന്നാണ് എം എം വര്‍ഗീസ് ഇ ഡിയോട് ആവര്‍ത്തിച്ചു പറഞ്ഞത്.

നവംബര്‍ 24-നാണ് ഇതിന് മുന്‍പ് വര്‍ഗീസ് ഇ ഡിക്കു മുന്‍പില്‍ ഹാജരായത്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാക്കി പലരെയും കൊണ്ട് ചിട്ടി എടുപ്പിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സതീശന്‍ പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കും വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം എം എം വര്‍ഗീസിന്റെ അറിവോടെയാണ് എന്നതിനുള്ള തെളിവുകളുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Top