ഒരു വശത്ത് ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍, മറുവശത്ത് പാര വെയ്ക്കുന്ന പ്രതിപക്ഷം; എം എം മണി

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് മന്ത്രി എം എം മണി. പാത്രം കൊട്ടാനും വിളക്കു തെളിയിക്കാനും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. എന്നാല്‍ പ്രവാസികളടക്കം നിരവധി പേര്‍ രോഗഭീതിയില്‍ നിന്ന സാഹചര്യത്തില്‍ എല്ലാവരെയും നാട്ടിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

ഒരു വശത്ത് ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍, മറുവശത്ത് ഏതിനും പാര വയ്ക്കുന്ന പ്രതിപക്ഷം. ഇതിനിടയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർദ്ധിക്കുകയാണ്. മരണ സംഖ്യയുടെ കാര്യത്തിൽ രാജ്യം നാലാം സ്ഥാനത്ത് എത്തി നിൽക്കുന്നു. എന്നാൽ, ഇതൊന്നും കണ്ടഭാവം കേന്ദ്ര സർക്കാരിനില്ല. പാത്രം കൊട്ടാനും വിളക്കു തെളിക്കാനുമൊക്കെയുള്ള ചില ആഹ്വാനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്.
പ്രവാസികളടക്കം നിരവധി പേർ രോഗഭീതിയിൽ നിന്ന സാഹചര്യത്തിൽ എല്ലാവരെയും നാട്ടിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. കേന്ദ്രസർക്കാരാകട്ടെ “എല്ലാവരും നിൽക്കുന്നിടത്ത് നിൽക്കട്ടെ” എന്ന സമീപമനമാണ് സ്വീകരിച്ചത്.
പിന്നീട് കോവിഡ് വ്യാപിച്ച സന്ദർഭത്തിലാണ് അവർക്ക് നാട്ടിലേക്ക് വരാൻ അനുവാദം കൊടുത്തത്. ഈ അവസരത്തിൽ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒന്നിച്ചു കൊണ്ടുവരുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും അതിനാൽ രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സംവിധാനം വേണമെന്ന യുക്തിസഹമായ അഭിപ്രായം സംസ്ഥാന സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ ബഹളം വച്ച പ്രതിപക്ഷം, കേന്ദ്ര സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ‘ക മ’ മിണ്ടിയില്ല എന്നതും ഓർക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുമ്പോൾ, രോഗം വ്യാപിപ്പിച്ച് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്.

ഒരു വശത്ത് ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാർ, മറുവശത്ത് ഏതിനും പാര വയ്ക്കുന്ന പ്രതിപക്ഷം. ഇതിനിടയിൽ നിന്നാണ് സംസ്ഥാന സർക്കാർ കാര്യക്ഷമമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

Top