രാജസ്ഥാനില്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ്; പരിഹാസവുമായി എം എം മണി

തിരുവനന്തപുരം: രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പരിഹസിച്ച് മന്ത്രി എം എം മണി. പൈലറ്റും കൂട്ടരും മറുകണ്ടം ചാടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ നടന്ന് കാലുപിടിച്ചത് സോണിയയും, പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമാണ്. പൊളിഞ്ഞ വേലി ഒരു വിധം ശീമ പത്തല്‍ വച്ച് അടച്ച് വിശ്വാസ വോട്ടെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് പുരപ്പുറത്തു കയറി കൂവുകയാണന്നും ഇതാണ് ജനാധിപത്യമെങ്കില്‍ ഒന്നും പറയാനില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജസ്ഥാനിൽ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് ! പൈലറ്റും കൂട്ടരും മറുകണ്ടം ചാടാൻ വേലി പൊളിച്ചപ്പോൾ ഒരു മാസത്തിലേറെ പിന്നാലെ നടന്ന് കാലുപിടിച്ചവരിൽ കോൺഗ്രസ് പ്രസിഡൻറ് സോണിയയുണ്ട്, മകൾ പ്രിയങ്കയുണ്ട്, മകൻ രാഹുലുണ്ട്. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി വേണുഗോപാലും ഉണ്ടായിരുന്നു. അങ്ങനെ, പൊളിഞ്ഞ വേലി ഒരു വിധം ശീമ പത്തൽ വച്ച് അടച്ച് വിശ്വാസ വോട്ടെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് പുരപ്പുറത്തു കയറി കൂവുകയാണ്: ജനാധിപത്യം ജയിച്ചെന്ന് !
ഇതാണ് ജനാധിപത്യമെങ്കിൽ ഒന്നും പറയുന്നില്ല…… ഒന്നും.

Top