mm mani-v muraleedharan

muraleedharan

തിരുവനന്തപുരം: യാഥാര്‍ഥ്യങ്ങള്‍ മനസിലാകാക്കാതെ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറഞ്ഞ് ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യനാകുന്നതിനു പകരം തന്നില്‍ നിക്ഷിപ്തമായിട്ടുള്ള വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റാനാണ് എം.എം.മണി ശ്രമിക്കേണ്ടതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. വോട്ടുകള്‍ ബി.ഡി.ജെ.എസിലേക്ക് ചോര്‍ന്നതിലുള്ള ആശങ്ക മൂലമാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മണി വിമര്‍ശിക്കുന്നത്.

മന്ത്രിസ്ഥാനത്തേക്കുപോലും എത്താന്‍ സാധ്യതയുണ്ടായിരുന്ന സി.പി.എമ്മിന്റെ ശക്തനായ സ്ഥാനാര്‍ഥിയായ വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ.രാജഗോപാല്‍ നിയമസഭയിലെത്തിയത്.

യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും വോട്ടുകള്‍ വന്‍തോതില്‍ ഒ.രാജഗോപാലിന് ലഭിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍നിന്നും ഒ.രാജഗോപാലിന് വന്‍തോതില്‍ വോട്ട് ലഭിക്കുകയുണ്ടായി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്നും വന്‍ തോതില്‍ രാജഗോപാലിന് വോട്ട് ലഭിച്ചത് സി.പി.എമ്മില്‍നിന്നാണ്.

ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും ഒരുപോലെ വോട്ട് ചോര്‍ന്നപ്പോഴാണ് തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി. അംഗസംഖ്യ അഞ്ചില്‍നിന്ന് 35 ലേക്ക് ഉയര്‍ന്നതെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

Top