സുധാകരന്റേത് കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി

തൊടുപുഴ: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേത് കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി എംഎല്‍എ. ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുകയാണ്. എന്നിരുന്നാലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നത്.

വരും കാലങ്ങളില്‍ സുധാകരന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു.

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ നിഖില്‍ പൈലി അടക്കമുള്ള പ്രതികളെ തള്ളിപ്പറയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നിലപാട്. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്നും പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്നുമാണ് സുധാകരന്‍ അറിയിച്ചത്.

നേരത്തെ ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വമെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. പ്രതികളെ സുധാകരന്‍ സംരക്ഷിക്കുന്നുവെന്ന വിമര്‍ശനം ഉയരുമ്പോഴാണ് നിയമസഹായം കൂടി നല്‍കുമെന്ന പരസ്യ പ്രഖ്യാപനം നടത്തിയത്.

Top