ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ രാജേന്ദ്രന്‍ കണ്ടതില്‍ പ്രശ്‌നമില്ല. എസ് രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു. ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡീന്‍ കുര്യാക്കോസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയില്‍ പറഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീന്‍ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാര്‍ട്ടി പരിപാടിയിലെ എം എം മണി പരാമര്‍ശം.