ബാലുശ്ശേരിയിൽ പ്രധാനം, പാർട്ടിയും, നയങ്ങളുമാണെന്ന് മണിയാശാൻ !

മൂന്നാം വയസ്സില്‍ തന്നെ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച ബാല്യമാണ് സഖാവ് എം.എം മണിയുടേത്. കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ട ആ കാലത്ത് വിപ്ലവ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമോ അത് വിളിച്ചാല്‍ ഉണ്ടാവുന്ന ആപത്തോ കൊച്ചു മണിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് അധ്യാപകരില്‍ നിന്നും പൊതിരെ തല്ലു കിട്ടുകയും ചെയ്തു. കമ്യൂണിസ്റ്റുകാരെ പിടികൂടി പച്ചക്ക് തല്ലിക്കൊല്ലുന്ന ആ കാലത്ത് കൊണ്ട അടിയാണ് പിന്നീട് വിപ്ലവ മുദ്രാവാക്യത്തെയും ചുവപ്പ് പ്രത്യേയ ശാസ്ത്രത്തെയും കുറിച്ച് മനസ്സിലാക്കാന്‍ എം.എം മണിയെ പ്രേരിപ്പിച്ചിരുന്നത്.

1957ലെ ഇ.എം.എസ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തിനെതിരെ കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ പ്രചരണത്തിലും എം.എം മണി സജീവമായി പങ്കെടുത്തിരുന്നു. കുടി ഒഴിപ്പിക്കലിനെതിരെ 61-ല്‍ എ.കെ.ജിയുടെ നേത്യത്വത്തില്‍ നടന്ന പ്രക്ഷോഭത്തിലും പയ്യനായ എം.എം മണി പങ്കാളിയായി. പിന്നീട് അങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. ഇടുക്കിയുടെ മണ്ണ് ചുവന്ന് തുടുത്തതും ഈ പോരാട്ടങ്ങളുടെ കൂടി ഭാഗമായാണ്. കേരള രാഷ്ട്രീയത്തില്‍ നീണ്ട 64 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മണിയാശാന്‍ എക്‌സ്പ്രസ്സ് കേരളയോട് പ്രതികരിക്കുന്നു.

 മണിയാശാന്‍ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണല്ലോ, എത്രത്തോളമാണ് വിജയപ്രതീക്ഷ?

നൂറ് ശതമാനമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് എന്റെ വിശ്വാസം. കാരണം അതിന് മാത്രം കാര്യങ്ങള്‍ ഞാന്‍ ഈ മണ്ഡലത്തില്‍ ചെയ്തിട്ടുണ്ട്. തന്നെയുമല്ല ജനങ്ങള്‍ അതുപോലെ സ്നേഹവും വാത്സല്യവും എന്നോട് കാണിക്കുന്നുണ്ട്. അതുകൊണ്ട് വിജയിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമാണ് എനിക്കുള്ളത്.

 ഇത്തവണ ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാവുമോ?

നിശ്ചയമായും തുടര്‍ഭരണം സാധ്യമാവും. കാരണം രാജ്യത്തെ ഇന്നത്തെ പരിതസ്ഥിതി വെച്ച് അഖിലേന്ത്യ തോതില്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍, ബി.ജെ.പി സര്‍ക്കാര്‍ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ ഓരോ പ്രശ്നങ്ങളിലും സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ സംവിധാനവും ഭരണഘടനയെയും ബഹുസ്വരതയെയുമെല്ലാം നശിപ്പിച്ച് എക സ്വരതയിലേക്ക് എത്തുക, ഒരു പാര്‍ട്ടി ഒരു നേതാവ് എന്നതിലേക്ക് ഇന്നല്ലെങ്കില്‍ നാളെ ആര്‍എസ്എസ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ രാജ്യം വലിയ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. അങ്ങനെ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് ജനാധിപത്യ വാദികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഏക സംസ്ഥാനം ഇന്നത്തെ നിലയില്‍ കേരളം മാത്രമാണ്.

ഒരു ആത്മവിശ്വാസം പകരുന്നുണ്ട്. കാരണം ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനം അതല്ലാതെത്തന്നെ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ രംഗത്തെ ഇടതുപക്ഷ പ്രസ്ഥാനം എന്നും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്ന നിലപാട് ഇതുവെച്ച് നോക്കുമ്പോള്‍ ഇന്ന് അഖിലേന്ത്യ തോതിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു പച്ചതുരുത്ത് ആത്മവിശ്വാസം ജനാധിപത്യ- ജനനിരപേക്ഷ ശക്തികള്‍ക്ക് നല്‍കുന്ന എക സംസ്ഥാനം കേരളം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്.

അങ്ങനെയുള്ള കേരളത്തില്‍ അതും ജനക്ഷേമപരമായി അതും അറുന്നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞിട്ട് അഞ്ഞൂറ്റി തൊണൂറ്റി എട്ട് കാര്യങ്ങള്‍ ചെയ്ത ക്രെഡിറ്റുമായി കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ കേരള മോഡല്‍ എന്നൊരു പുതിയ മോഡല്‍ സൃഷ്ടിച്ചുകൊണ്ട് അന്ന് മുതല്‍ ഇന്നുവരെ ജനങ്ങളെ ചേര്‍ത്തുപിടിക്കാനും ജനങ്ങളോടൊപ്പം നില്‍ക്കാനും ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനും 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്, സൗജന്യ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ എന്തിന് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നേരിടാന്‍ പോകുന്ന പ്രതിസന്ധിയില്‍ മൃഗങ്ങളുടെ കാര്യം പോലും ചര്‍ച്ച ചെയ്ത സര്‍ക്കാരാണിത്.

തെരുവ് നായ്ക്കള്‍ ഹോട്ടലുകള്‍ അടച്ചുകിടക്കുന്നതുകൊണ്ട് പട്ടിണിയാവും. അത് വെലന്റ് ആകും ജനങ്ങളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. വളര്‍ത്തുന്ന ആനയുടെ കാര്യം, കുരങ്ങന്റെ കാര്യം, മൃഗങ്ങളുടെ കാര്യം ജനങ്ങളുടെ കാര്യം മാത്രമല്ല മൃഗങ്ങളുടെ കാര്യത്തില്‍ പോലും ദീര്‍ഘവീഷണമുള്ള സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്‍ണ്‍മെന്റ്, സഖാവ് പിണറായി വിജയന്‍ നയിക്കുന്ന ഈ സര്‍ക്കാര്‍ എന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ല. അത്തരമൊരു സഹചര്യത്തില്‍ ഈ സര്‍ക്കാരിന് തുടര്‍ഭരണം വരുക എന്നുപറഞ്ഞാല്‍ ഇന്ത്യയില്‍ പൊരുതുന്ന കൃഷിക്കാര്‍ക്ക് പൊരുതുന്ന തൊഴിലാളികള്‍ക്ക് അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് ആത്മവിശ്വാസം പകരുന്ന ഏക സംവിധാനമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട്് തന്നെ ഒരു തുടര്‍ഭരണം അനിവാര്യമാണ്, ഈ നാട്ടില്‍ പൊരുതുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതെന്ന് ഞാന്‍ കരുതുന്നു.

അങ്ങനെയെങ്കില്‍ ഇടുക്കി ജില്ലയില്‍ എത്ര സീറ്റ് ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്?

അഞ്ച് സീറ്റും ജയിക്കാനുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അഞ്ച് സീറ്റാണുള്ളത്. നിലവില്‍ നാല് സീറ്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സീറ്റാണ്. ദേവികുളവും പീരിമേഡും ഉടുമ്പിന്‍ചോലയും ഇടുക്കിയും നാല്, തൊടുപുഴയും ഇപ്പോള്‍ അനുകൂല സാഹചര്യമാണ്. തൊടുപുഴയില്‍ ഇപ്പോള്‍ വലിയ അനുകൂല സാഹചര്യം ഉയര്‍ന്നുവന്നിരിക്കുകയാണ്. ജോസഫിന്റെ നിസംഗതയും അദ്ദേഹം പല പ്രശ്നങ്ങളിലെടുക്കുന്ന ജനാധിപത്യ വിരുദ്ധമാര്‍ഗ്ഗങ്ങളും അദ്ദേഹത്തിന്റെ താല്‍പരങ്ങള്‍ മാത്രം ഉയര്‍ത്തിപിടിക്കുന്ന നിയമവും തത്വവും ബാധകമില്ലെന്ന തരത്തില്‍ അദ്ദഹം എടുക്കുന്ന നിലപാടും ജോസഫും അവിടെ തോല്‍ക്കുമെന്ന ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. അങ്ങനെ എന്തുകൊണ്ടും അഞ്ച് അസംബ്ലി മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കുകയും കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാവുന്നതില്‍ ഇടുക്കിയുടെ മഹത്തായ സംഭാവന ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കേരള കോണ്‍ഗ്രസും കെ.എം മാണിയുമൊക്കെ ഹൈറേഞ്ച് രാഷ്ട്രീയത്തില്‍ ആശാന്റെ പാര്‍ട്ടിയുടെ ശത്രുവായിരുന്നു. നിലവില്‍ ഒരുമിച്ചാണ് പോരാട്ടം. എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത്?

അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ വ്യത്യസ്ത നിലപാടെടുത്തു കാണും. പക്ഷേ അതൊന്നും ഒരു സ്ഥിരമായ സംവിധാനമല്ല. അവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വന്നിട്ടുണ്ട്. പോയിട്ടുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ യുഡിഎഫ് പുറത്താക്കി. അത് ജോസഫിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. അല്ലാതെ നീതിപൂര്‍വ്വം ചെയ്ത കാര്യമല്ല. അപ്പോള്‍ അവര്‍ നമ്മളോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ അവര്‍ക്കൊരു കൈത്താങ്ങ് കൊടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്ന മാര്‍ഗ്ഗം മാത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അത് തികച്ചും ശരിയാണ്. അതേ ശരിയാകൂ എന്നാണ് എനിക്ക് തോന്നുന്നത്

യഥാര്‍ത്ഥത്തില്‍ കെ.എം മാണിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് സിപിഎം ചെയ്തതെന്ന് ഒരു അഭിപ്രായം ഉണ്ട്!

ആര്‍ക്ക്. എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല. അദ്ദേഹം അന്തരിച്ചു പോയി. അതില്‍ ഖേദമാണുള്ളത്. ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ കര്‍മ്മ പരിപാടി നടത്തുന്നതിന് വേണ്ടി അതും ഞങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും കൂട്ടായി നിന്ന് കേന്ദ്ര സര്‍ക്കാര്‍, ഇഡി അതുപോലെ തന്നെ മറ്റ് ഏജന്‍സികള്‍ എല്ലാം ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുമ്പോള്‍ ഞങ്ങളുടെ അണി വിപൂലികരിക്കേണ്ട ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്‍മെന്റിന് ഉണ്ട്. അത് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ ഞങ്ങള്‍ ഒപ്പം കൂട്ടി എന്നു പറയുന്നത് 100 ശതമാനം ശരിയാണ് എന്നതാണ് എന്റെ വിലയിരുത്തല്‍.

 കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വന്നത് തികച്ചും ഗുണം ചെയ്തു എന്നാണ് പറയുന്നത് തികച്ചും ശരിയാണെന്നാണോ?

തികച്ചും ശരിയാണ്.

 ചെങ്ങന്നൂരിലും കോന്നിയിലും ബിജെപി-സിപിഎം ഡീലുണ്ടെന്നാണ് ആര്‍എസ്എസ് സൈദ്ധാന്തികനായിട്ടുള്ള ബാലശങ്കര്‍ പറയുന്നത്.എന്താണ് ഇതിനെ കുറിച്ചുള്ള അഭിപ്രായം?

ഒരു ശങ്കരനും പറയുന്നതില്‍ കാര്യമില്ല. നിങ്ങള്‍ ഞങ്ങള്‍ എന്താണോ പറയുന്നത് അത് എടുത്താല്‍ മതി. ഞങ്ങള്‍ക്ക് ആര്‍എസ്എസുമായോ ബിജെപിയുമായോ ഒരു ഡീലിന്റെയും കാര്യമില്ല. അങ്ങനെയൊരു ലൈന്‍ ഞങ്ങള്‍ക്കില്ല. ആര്‍എസ്എസിനെയും ബിജെപിയെയും രാജ്യത്ത് എതിര്‍ത്തില്ലെങ്കില്‍ പിന്നെ അതൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല. ഈ ഡീലും ഏര്‍പ്പാടും സംബന്ധവുമൊക്കെ ഉണ്ടാക്കുന്നത് കോണ്‍ഗ്രസും അവരും തമ്മിലാണ്. ഇപ്പോള്‍ തന്നെ കണ്ടില്ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എതിര്‍ക്കുവാന്‍ വേണ്ടി അവരുമായി കൂട്ടുകൂടുന്നു കോണ്‍ഗ്രസും ആര്‍എസ്എസുമെല്ലാം. സുരേന്ദ്രനും കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയുമെല്ലാം ഒരേ നിലപാടാണെടുക്കുന്നത്. അവര്‍ തമ്മില്‍ ചേരും, കാരണം അവര്‍ ഒരേ തൂവല്‍ പക്ഷിയാണ്. ഞങ്ങള്‍ തമ്മില്‍ ചേരില്ല. ഞങ്ങള്‍ രണ്ട് തൂവല്‍ പക്ഷികളാണ്.

 ബിജെപിക്ക് എത്ര സീറ്റ് കേരളത്തില്‍ കിട്ടുമെന്നാണ് ആശാന്‍ പ്രതീക്ഷിക്കുന്നത്?

അവര്‍ക്ക് ഒരു സീറ്റും കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ കേന്ദ്ര സര്‍ക്കാര്‍ നരേന്ദ്ര മോദി സ്വീകരിക്കുന്ന തനി ഫാസിസ്റ്റ് നിലപാടാണ് പ്രത്യകിച്ചും കേരളത്തിലെ എല്‍ഡിഎഫ് ഗവര്‍മെന്റിനോട് സ്വീകരിക്കുന്ന ശത്രുത മനോഭാവം, രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട്, പട്ടിണിയോടും ദാരിദ്ര്യത്തോടും കോവിഡ് 19 ന് തുടര്‍ന്ന് ചത്തൊടുങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അങ്ങേയറ്റത്തെ ധാര്‍ഷ്ട്യത്തോട് കൂടെയുള്ള നിലപാട്, ആ നിലപാട് കേരള ജനത പൊറുക്കുകയില്ല. ഒരു സീറ്റും ജയിക്കുകയില്ലെന്നാണ് എന്റെ വിലയിരുത്തല്‍.

ഇടതുപക്ഷത്തിന്റെ പ്രധാന ശത്രു കോണ്‍ഗ്രസ്സാണോ അതോ ബിജെപിയാണോ?

രണ്ടും ഞങ്ങളുടെ ശത്രുക്കളാണ്. അല്‍പ്പസ്വല്‍പം മാറ്റം വരുമെന്ന് മാത്രം. ഉദാഹരണത്തിന് യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗവണ്‍മെന്റ് വരാതിരിക്കാനുള്ള ജാഗ്രതയാണ് ഞങ്ങള്‍ കാണിച്ചത്. ആ സര്‍ക്കാരിനെ ഞങ്ങള്‍ പിന്‍താങ്ങി. മുമ്പും ഞങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. അതില്‍ ചില വ്യത്യാസമുണ്ട് ഇവര് തമ്മില്‍. എന്നാല്‍ വര്‍ഗ്ഗപരമായി എല്ലാം ഒന്നാണ്. കുത്തകകളെ വളര്‍ത്തുക, ഭൂപ്രഭുക്കന്മാരെ വളര്‍ത്തുക, സമ്പന്നവര്‍ഗ്ഗത്തെ വളര്‍ത്തുക എന്നിവയാണ് കോണ്‍ഗ്രസ് സ്വതന്ത്രാനന്ത ഇന്ത്യയില്‍ ഇതപര്യന്തം ചെയ്തത്. അത് തന്നെയാണ് നികൃഷ്ടമായി നടപ്പിലാക്കുകയാണ് നരേന്ദ്ര മോദിയും ആര്‍എസ്എസും ബിജെപിയും ചെയ്യുന്നത്. വര്‍ഗ്ഗപരമായി തന്നെ ഇവര്‍ തമ്മില്‍ അത്ര ബന്ധവും പൊരുത്തവും ഉണ്ട്. പിന്നെ തമ്മില്‍ ഭേദം തൊമ്മന്‍. ഒരു നിര്‍ണായക ഘട്ടം വരുമ്പോള്‍ നമ്മള്‍ എടുക്കുന്ന നിലപാട് ആര്‍എസ്എസിനെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കുമെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നിലപാടുകള്‍ മുമ്പും എടുത്തിട്ടുണ്ട്്. അത് ശരിയുമാണ്.

 കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയെകുറിച്ച് എന്താണ് ആശാന്റെ അഭിപ്രായം?

അവര്‍ക്ക് അവരുടേതായ രീതിയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ്, മത്സരം, അധികാരം, എം.എല്‍.എ, എംപി, മന്ത്രി അതിന് നായ ഒരു എല്ലിന്‍ കക്ഷണത്തിന് കടിപിടികൂടും പോലെ കടിപിടികൂടും. അത് അവരുടെ ഒരു വര്‍ഗ്ഗ സ്വഭാവമാണ്. അതിനെപ്പറ്റി എന്തുപറയാനാണ്? നാണം കെടാം. ലതിക സുഭാഷിന്റെ കാര്യം പറയാം. അവര്‍ക്കൊക്കെ സീറ്റ് കൊടുക്കേണ്ടതല്ലേ. കാലങ്ങളായി അവര്‍ ഈ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരാണ്. ഇതിന്റെ അകത്തെ പ്രമാണിമാണിമാര്‍ക്ക് കള്ളന്മാര്‍ക്ക് സീറ്റ് കിട്ടിയിട്ട് വേണ്ടേ ബാക്കിയുള്ളവര്‍ക്ക് കൊടുക്കുവാന്‍. അതുകൊണ്ടാണ് ഈ കോണ്‍ഗ്രസില്‍ ഈ അടിപിടി.

ഞങ്ങളെ നോക്കൂ. കര്‍ക്കശമായ നിലപാടാണ് എടുത്തിരിക്കുന്നത്. രണ്ടു പ്രാവശ്യം തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് ഇത്തവണ സീറ്റ് കൊടുക്കുന്നില്ല. എത്ര വലിയ സേവനം. ഭരണവും എംഎല്‍എ സ്ഥാനവും മാത്രമല്ലലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത്. വേറെ എത്രയോ പ്രവര്‍ത്തനങ്ങളുണ്ട്. ഞങ്ങള്‍ ശക്തമായി നടപ്പിലാക്കി. അല്പസ്വല്‍പ്പം മുറുമുപ്പ് അതില്‍ ഉണ്ടായിട്ടുണ്ട്. അത് ആര് പരിഗണിക്കാനാണത്? ഞങ്ങളുടെ പൊതുസമീപനവും നിലപാടുമാണത്. അത് 100 ശതമാനം ശരിയാണ്.

അടുത്ത വര്‍ഷം മുതല്‍ തനിക്കും ഇത് ബാധകമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് എനിക്കും ബാധകമാണ്. ആര്‍ക്കും ബാധകമാകണമല്ലോ. കാരണം എന്തെന്നാല്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുക, പഞ്ചായത്ത് മെമ്പറാകുക പാര്‍ലിമെന്ററി മെമ്പറാകുക, എംഎല്‍എ ആകുക എന്നത് മാത്രമാണ് ജീവിതം എന്നിട്ട് ഈ ബൂര്‍ഷ്വ പാര്‍ലിമെന്ററി വ്യവസ്ഥയ്ക്ക് അകത്ത് കിടന്ന് തിരിമറി അതിന്റെ ചെറ്റത്തരം മുഴുവനും സ്വായത്തമാക്കുക എന്നത് ശരിയല്ല എന്നാണ് ഞങ്ങളുടെ പാര്‍ട്ടി കാണുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ പാര്‍ട്ടി മാനദണ്ഡം വെക്കുന്നത്. മറ്റ് ജോലി ഉണ്ടല്ലോ. വളരെ കൃത്യമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞങ്ങളെടുത്ത നിലപാട്.

ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയിട്ടുള്ള സച്ചിന്‍ ദേവിന് എതിരായി മത്സരിക്കുന്നത് സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. ഇതില്‍ അട്ടിമറിയുണ്ടാകാന്‍ സാധ്യതയുണ്ടോ?

ഒരു അട്ടിമറിയുമുണ്ടാവില്ല. സിനിമ രാഷ്ട്രീയം തമിഴ്നാട്ടിലാണ്. നല്ല നടനായിരുന്നു സുരേഷ് ഗോപി. പുള്ളി ബിജെപിയില്‍ കൂടിയപ്പോള്‍ പുള്ളിയുടെ യശസ്സ് പോയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം അതിനെ എങ്ങനെ കാണുന്നു എന്നത് അവനവന്റെ വ്യക്തിപരമായ രാഷ്ട്രീയം. അതൊന്നും വലിയ കാര്യമില്ല. ഒരു സിനിമ നടന്‍ പൗഡര്‍ ഇട്ട് ഇറങ്ങിയെന്നു പറഞ്ഞിട്ട് അതൊന്നും കേരള രാഷ്ട്രീയത്തില്‍ നടപ്പാവില്ല. അതൊക്കെ തമിഴ്നാട് രാഷ്ട്രിയമാണ്. ഉത്തരേന്ത്യയില്‍ അതൊക്കെ നടക്കും. ഇവിടെ ഏതു പാര്‍ട്ടി എത് നയം എന്നതിന്റെ അടിസ്ഥാനത്തിലെ കാര്യങ്ങള്‍ നടക്കുകയുള്ളു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആശാന്‍ ആരെയാണ് കാണുന്നത്?

ഞാനാരെയും കാണുന്നില്ല. ആരെയാണ് കാണേണ്ടത്. രമേശ് ചെന്നിത്തലയെയോ? ചില വീടുകളില്‍ എഴുതി വെച്ചിട്ടുണ്ടാകും അദ്ദേഹം ഈ കുടുംബത്തിന്റെ നാഥനാണെന്ന്, എഴുതിവെച്ചിട്ടുണ്ട്. അതുപോലെ ഞങ്ങളുടെ സര്‍ക്കാരിന്റെ വഴികാട്ടിയും സഹായിയുമാണ് അദ്ദേഹം. അദ്ദേഹം വിഡ്ഢിത്തമെ പറയൂ. അപ്പോള്‍ പിന്നെ അങ്ങേരെ പറ്റി ചിന്തിച്ചിട്ട് കാര്യമില്ല. പിന്നെയുള്ളത് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടി എങ്ങനെയാണെന്നൊക്കെ ഇതിന് മുമ്പ് തെളിയിച്ച് കഴിഞ്ഞതാണല്ലോ. സൗരോര്‍ജ്ജവും മറ്റ് ഏര്‍പ്പാടും നമ്മള്‍ ചര്‍ച്ച ചെയ്തതല്ലേ? അപ്പോള്‍ പിന്നെ ഇവര്‍ രണ്ടും കണക്കാണ്.

ഇതില്‍ ആരായാലും കണക്കാണ് ഞങ്ങളെ സംബന്ധിച്ചെടുത്തോളം ചെറുക്കുക, എതിര്‍ക്കുക എന്നല്ലാതെ വേറെ പരിപാടിയില്ല. പിന്നെ രമേശ് ചെന്നത്തലയേക്കാട്ടിലും കുറച്ച് കൂടെ ബുദ്ധിപരമായ നിലപാട് എടുക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്് എന്നൊരു പ്രത്യേകതയുണ്ട്. പക്ഷേ അതൊന്നും ഭരണത്തിന് മികവ് നല്‍കാന്‍ സഹായിക്കുന്നില്ല. അതുകൊണ്ട് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും കാണുന്നില്ല.

കെ.പി.സി.സി ആസ്ഥാനത്ത് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത സംഭവത്തെ ഏങ്ങനെയാണ് കാണുന്നത്?

വളരെ നാണക്കേടായി പോയി. ആ സ്ത്രീ അങ്ങനൊക്കെ ചെയ്തത് തന്നെ ശരിയല്ല എന്നാണ് എന്റെ കാഴ്ചപാട്. അവരെ സംബന്ധിച്ച് അവര്‍ ചെയ്തത് അവര്‍ക്ക് ശരിയാണ്. എന്റെ കാഴ്ചപാട് ഞാന്‍ പറയാം. നമ്മുടെ എകെജി സെന്ററില്‍ വനിത സ്ഥാനാര്‍ഥികള്‍ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് തല മുണ്ഡനം ചെയ്താല്‍ എങ്ങനെയുണ്ടാകും? നമ്മള്‍ അതിനെ തത്സമയം നേരിടുകയേ ഉള്ളൂ. പക്ഷേ കോണ്‍ഗ്രസ് രാഷ്ട്രീയം ബൂര്‍ഷ്വാ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിനകത്ത് അതിന്റെ കൂടെ നടന്ന്് അതിന്റെ അകത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കേണ്ടതാണ്. നിശ്ചിത സീറ്റ് കൊടുക്കേണ്ടതാണ് അവര്‍. അത് അവര്‍ ചെയ്തില്ല. അവരെ അവഗണിച്ചതുകൊണ്ട് അതിന്റെ മനോവേദന കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. കോണ്‍ഗ്രസിന് അകത്ത്് സ്ത്രീകള്‍ക്കുള്ള പ്രത്യേകതയും അംഗീകാരവും എന്താണെന്നാണ് അവര്‍ കാണിച്ചുതന്നത്.

വി.എസ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇല്ലാത്ത തെരഞ്ഞെടുപ്പാണ്. .എങ്ങനെയാണ് ഈ അസാന്നിധ്യത്തെ കാണുന്നത്?

അദ്ദേഹത്തിന്റെ ആരോഗ്യപരമായ വിഷമതകളുണ്ട്. അതുകൊണ്ട് അദ്ദേഹം ഇല്ല എന്നത് തെരഞ്ഞടുപ്പിന് ദോഷം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ചെയ്ത സംഭാവനകള്‍ ഉണ്ടല്ലോ. അത് പാര്‍ട്ടി ഉള്‍ക്കൊള്ളുന്ന സംഭാവനകളാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പാര്‍ട്ടിക്കനുകൂലമായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും.

കായംകുളത്തെ സ്ഥാനാര്‍ഥിയെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്ഥാനാര്‍ഥിയായാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. കായംകുളത്ത് പ്രതിരോധത്തിലാകുമോ ഇടതുപക്ഷം?

എന്തിന്? വലിയ ഭൂരിപക്ഷത്തില്‍ പ്രതിഭ അവിടെ ജയിക്കും. കഴിഞ്ഞ തവണയും അവിടെ ജയിച്ചതാണ്. അവിടെ നന്നായി പ്രവര്‍ത്തിച്ച എം.എല്‍.എയാണ് അവര്‍. എനിക്ക് അവരെ അറിയാവുന്നതാണ്. ഞാന്‍ അവിടെ ഔദ്യോഗിക പരിപാടികള്‍ക്ക് പോകാറുള്ളതാണ്.

എത്ര സീറ്റാണ് ഇടതുപക്ഷത്തിന് ഇത്തവണ ലഭിക്കുക?

അത് പറയാന്‍ ഞാന്‍ കണിയാനല്ലല്ലോ. കഴിഞ്ഞ തവണയേക്കാട്ടിലും കൂടുതല്‍ സീറ്റ് ലഭിക്കും.

ഒപ്പത്തിനൊപ്പം വരാനുള്ള സാധ്യതയുണ്ടോ?

ഒരിക്കലുമില്ല. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ഈ സര്‍ക്കാര്‍ എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

തുടര്‍ഭരണം ഇടതുപക്ഷത്തിന് ലഭിച്ചാല്‍ കോണ്‍ഗ്രസ് ഇല്ലാതാവുമെന്ന് പറയുന്ന പ്രചരണത്തിനോട് ആശാന് എന്താണ് പറയാനുള്ളത്?

കോണ്‍ഗ്രസ് അല്ലാതെ തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. അവരുടെ നയങ്ങളും പരിപാടിയും അങ്ങനെയാണ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ നെഹ്രുവായി അത് ശരിയാണ്, അതിന് ശേഷം ശാസ്ത്രിയായി അതും ശരിയാണ്, ശാസ്ത്രിക്ക് ശേഷം ഇന്ദിര ഗാന്ധിയായി അതും ശരിയാണ് അതിന് ശേഷം ഉള്ളതൊന്നും ശരിയല്ല. രാജീവ് ഗാന്ധി ആയാലും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പുറകെ നടക്കുന്നത് ഇപ്പോള്‍ സോണിയാ ഗാന്ധി നയിക്കുന്നത് ഒന്നും ശരിയല്ല. എന്നുപറഞ്ഞാല്‍ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് കുറുക്കന്‍ കോഴിക്കൂട്ടില്‍ കണുംനട്ടിരിക്കുന്ന പോലെ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ നെഹ്രു കുടുംബത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു. അങ്ങനെ പോകുന്നൊരു പ്രസ്ഥാനം നിലനില്‍ക്കില്ല. ഒരു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ആശയപരമായ വ്യക്തയയുള്ള പ്രസ്ഥാനം മാത്രമെ നിലനില്‍ക്കുകയുള്ളൂ. അല്ലാത്തതൊക്കെ ചവറ്റുകൊട്ടയില്‍ പോകും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല.

 

അഭിമുഖം തയ്യാറാക്കിയത്
അഡ്വ.മനീഷ രാധാകൃഷ്ണന്‍

 

Top