മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ഗവര്‍ണറുടെ വീട്ടില്‍ നിന്നല്ല ശമ്പളം നല്‍കുന്നതെന്ന് എം എം മണി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ആദ്യം മടികാട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണി രംഗത്ത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ, ‘അയാളുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നത്’ എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. ഗവര്‍ണര്‍ സര്‍ക്കാരിനല്ല തലവേദനയെന്നും നാടിനാകെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം കുറച്ചുദിവസമായി ഇതുതന്നെയല്ലേ കളിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളല്ലേ, അഞ്ച് തവണ കൂടുമാറിയിട്ടല്ലേ ഇപ്പോ ഗവര്‍ണറായിട്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിലെന്നല്ല എവിടെയെങ്കിലും രാഷ്ട്രീയമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ, ഗവര്‍ണര്‍ വിഡ്ഢിത്തം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണര്‍. കാലാവധി കഴിയുമ്പോള്‍ പുതിയ സ്ഥാനം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ പുള്ളിയുടെ കുടുംബത്തില്‍ നിന്നല്ലല്ലോ, സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നല്ലേ കൊടുക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം എം മണി പറഞ്ഞു.

Top