മുല്ലപ്പെരിയാര്‍; തമിഴ്‌നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എം.എം മണി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന്  എം.എം മണി. പാതിരാത്രിയില്‍ ഡാം തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി മര്യാദകേടാണ്. കേന്ദ്ര ഗവണ്‍മെന്റ് എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെയും എം.എം മണി തുറന്നടിച്ചു. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ചെയ്യേണ്ടതൊന്നും ഇത്രയും കാലത്തിനിടയില്‍ ചെയ്തിട്ടില്ല. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും എന്താണ് ഈ വിഷയത്തില്‍ ചെയ്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആത്മാര്‍ഥതയില്ലാത്ത ആളാണ്. അതുകൊണ്ട് തന്നെ എം.പിയും വി.ഡി സതീശനുമെല്ലാം വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതി. എം.എം മണി പറഞ്ഞു.

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം.

Top