mm mani not resign-says ldf state committee: vs aimed pinaray

തിരുവനന്തപുരം: അഞ്ചേരി ബേബി വധകേസില്‍ കോടതി പ്രതിചേര്‍ക്കാന്‍ ഉത്തരവിട്ട എം.എം മണിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച വി.എസ് അച്ചുതാനന്ദന്റെ ലക്ഷ്യം പിണറായിയോ ? രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഗൗരവമായി ഉയരുന്ന ചോദ്യമാണിത്.

പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് പിന്നിലെ ‘താല്‍പര്യം’മെന്തായിരുന്നു എന്ന കാര്യം ഇതിനകം തന്നെ പാര്‍ട്ടിക്കകത്തും ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വി.എസ് ഏറെകുറേ പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിച്ച് വന്നിരുന്നതിനാല്‍ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കര്‍ക്കശ നടപടി എന്ന മുന്‍ ആവശ്യത്തില്‍ നിന്നും സിപിഎം സംസ്ഥാന നേതൃത്വം പിന്നോട്ട് പോയിരുന്നു.

വീണ്ടും പഴയ തെറ്റുകള്‍ വിഎസ് ആവര്‍ത്തിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.

മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനും അക്കാര്യമുന്നയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയക്കാനും വിഎസിന് അവകാശമുണ്ടെന്നും എന്നാല്‍ പിബിക്ക് അയച്ച കത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്നത് ശരിയായ നടപടിയല്ലെന്നുമാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ കൂടി ആയതിനാല്‍ വിഎസ് എന്ത് തീരുമാനമെടുക്കുമ്പോഴും അത് സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്നതാവരുതെന്ന് വിഎസിന് തന്നെ സ്വയം ബോധ്യപ്പെടേണ്ട കാര്യമാണെന്നാണ് പ്രമുഖ നേതാക്കള്‍ക്കിടയിലെ അഭിപ്രായം.

അതേസമയം, കൊലക്കേസില്‍ വിചാരണ നേരിടുന്ന വ്യക്തി മന്ത്രി സ്ഥാനത്ത് തുടരുന്നത് ഇടത്പക്ഷം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും, മൂല്യങ്ങള്‍ക്കും എതിരാണെന്ന, വിഎസിന്റെ നിലപാട് ലാവലിന്‍ കേസിലെ ഹൈക്കോടതി വിധി കൂടി മുന്നില്‍ കണ്ടിട്ടാണോ എന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു.

ലാവലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന പിണറായി വിജയനടക്കമുള്ളവരെ സിബിഐ വിചാരണ കോടതി കുറ്റ വിമുക്തമാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ ജനുവരി നാല് മുതല്‍ പന്ത്രണ്ട് വരെ ഹൈക്കോടതി വാദം കോള്‍ക്കാനൊരുങ്ങുകയാണ്.

ഇപ്പോള്‍ മണിയെ തുടരാന്‍ അനുവദിക്കുകയും അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുകയും ചെയ്താല്‍ ഇതേ ആനുകൂല്യം പിണറായിക്കും പാര്‍ട്ടി നല്‍കുമെന്ന് കണ്ടാണ് വിഎസിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ക്രിമിനല്‍ കേസാണെങ്കിലും അഴിമതി സംബന്ധമായ കേസാണെങ്കിലും സിപിഎമ്മിനെ സംബന്ധിച്ച് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിന് എതിരായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ച് വരാറുള്ളത്. ഇത് ധാര്‍മ്മികത മുന്‍നിര്‍ത്തികൂടിയാണ്.

ലാവലിന്‍ കേസിന്റെ പേരില്‍ നിരവധി വര്‍ഷങ്ങളോളം ‘വേട്ടയാടപ്പെട്ട് ‘ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പിണറായിക്ക് വീണ്ടും അത്തരമൊരു സാഹചര്യമുണ്ടാവാന്‍ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് തന്നെ സിബിഐ റിവിഷന്‍ ഹര്‍ജിയെ കോടതിയില്‍ ശക്തമായി ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന അഭിഭാഷകനെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പിണറായി ഒരുരൂപയുടെ പോലും അഴിമതി വ്യക്തിപരമായി നടത്തിയതായി തെളിയിക്കാന്‍ കഴിയാത്ത കേസില്‍ എതിരായ വിധി വരില്ലെന്ന് തന്നെയാണ് സിപിഎം നേതൃത്വം കരുതുന്നത്. ഇനി അഥവാ വിധി എതിരായാല്‍തന്നെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി പിണറായി തുടരണമെന്നാഗ്രഹിക്കുന്നവരാണ് സംസ്ഥാന നേതൃത്വനിരയിലെ വലിയൊരു വിഭാഗം.

എന്നാല്‍ വിചാരണപോലും നടത്താതെ കേസ് അവസാനിപ്പിച്ചതും സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടവും മറ്റും കണക്കിലെടുത്ത് സിബിഐ ഹര്‍ജിയില്‍ പിണറായിക്കെതിരായ ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍.

അത്തരമൊരു സാഹചര്യമുണ്ടായാല്‍ പിണറായി രാജിവയ്‌ക്കേണ്ടിവരുമെന്നും അത് സിപിഎം രാഷ്ട്രിയത്തില്‍ തന്നെ വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷ കണക്ക് കൂട്ടല്‍ .’ഭാവി’ മുന്നില്‍ കണ്ടാണ് മണിയെ ‘ലക്ഷ്യമിട്ടുള്ള’ വിഎസിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് അവര്‍ കരുതുന്നത്.

Top