mm mani-minister

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി എംഎല്‍എ.

പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നു പറഞ്ഞ അദ്ദേഹം സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസ്യത കാത്തു സൂക്ഷിക്കുമെന്നും തന്റെ ശൈലിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
വകുപ്പ് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ് ഏതു വകുപ്പ് നല്‍കിയാലും ഒരു കൈ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കേണ്ട കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കൂ. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസം കാക്കും. തനിക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണ് മന്ത്രിസ്ഥാനമെന്നും മണി പറഞ്ഞു. അതേസമയം സി.പി.ഐ മന്ത്രിമാരെ വിമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അക്കാര്യം ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. ‘ഓണം വരാനൊരു മൂലം വേണം’ എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനവും എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ നിന്ന് ആദ്യമായാണ് എല്‍.ഡി.എഫ് പ്രതിനിധി മന്ത്രിസഭയിലെത്തുന്നത്. ഇടുക്കിയില്‍ കാര്‍ഷിക പ്രസ്ഥാനങ്ങളും മറ്റും പൊതുജനപ്രശ്‌നങ്ങളിലും രാഷ്ട്രീയം നോക്കിയല്ല താന്‍ ഇടപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്റെ നാട്ടുകാര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിതെന്നും നിയുക്തമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് മുന്നണിയെന്ന ബഹുമാനത്തോടെയാണ് സി.പി.ഐയെ കണ്ടിട്ടുള്ളത്. പുതിയ ആകാശം,പുതിയ ഭൂമി.. പുതിയ സാഹചര്യങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും നിയുക്തമന്ത്രി പറഞ്ഞു.

Top