കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പൊലീസിന് അബദ്ധം പറ്റിയുള്ളൂ ;ന്യായീകരിച്ച് എംഎം മണി

തിരുവനന്തപുരം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെയും വരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തെയും നിസാരവത്കരിച്ച് മന്ത്രി എം.എം.മണിയും രംഗത്ത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെയും കോട്ടയത്തെ കെവിന്റെയും മരണത്തില്‍ മാത്രമേ പോലീസിനു പിഴവ് സംഭവിച്ചുള്ളുവെന്നാണ് മന്ത്രിയുടെ വാദം.

കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പൊലീസിന് അബദ്ധം പറ്റിയുള്ളൂ. വാരാപ്പുഴയിലെ ആ പയ്യനെയല്ലേ പൊലീസ് കൊന്നൊള്ളൂ. വേറെ ഇതിനുമുമ്പ് കേരളത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യംവച്ച് കുറെ ആളുകള്‍ വെറുതെ അതുമിതും പറയുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസവും പൊലീസിനെ ന്യായീകരിച്ചു കൊണ്ടും മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ടും മണി രംഗത്തെത്തിയിരുന്നു. പൊലീസ് അതിക്രമം പറഞ്ഞ് ആരും തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മണി പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പൊലിസുകാര്‍ ആരെയെങ്കിലും തല്ലിക്കൊന്നാലും വ്യഭിചാരം നടത്തിയാലും ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്നാല്‍ തങ്ങള്‍ ഭരിക്കുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും പൊലീസുകാരന്‍ വിവരക്കേട് കാണിച്ചാല്‍ അതും പറഞ്ഞ് മാധ്യമങ്ങള്‍ ഒന്നടങ്കം ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Top