യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പെരുമാറുന്നു: എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെയാണ് പെരുമാറുന്നതെന്ന വിമര്‍ശനവുമായി മന്ത്രി എംഎം മണി.

‘ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍’ എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് ജയിച്ച യു.ഡി.എഫ് ഇപ്പോള്‍ ബി.ജെ.പി.യുടെ വാലില്‍ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്നും മന്ത്രി ആരോപണം ഉന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാർലമെൻറിൽ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് കരിനിയമങ്ങൾ പാസ്സാക്കാൻ കൈ ഉയർത്തിയ യു.ഡി.എഫ്. എം.പി.മാർ കേരളത്തിലെ ജനങ്ങളോട് പറയുന്നത് കേട്ടില്ലേ? അത് പാസ്സാക്കിയതിലുള്ള എതിർപ്പ് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ! ഹൊ, വലിയ കാര്യം തന്നെ ! ഇവരെപ്പറ്റി എന്ത് പറയാനാ? കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു. ഇനി നേതൃത്വത്തെ അറിയിച്ചുകളയും പോലും. കോൺഗ്രസ് നേതൃത്വം ഇടപെട്ട് പാസ്സാക്കിയതെല്ലാം ഇപ്പോൾ റദ്ദാക്കിക്കളയുമെന്ന് ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും കരുതിയോ എന്തോ?

‘ബി.ജെ.പിക്ക് ബദൽ ഞങ്ങൾ’ എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് 19 പേരെ ജയിപ്പിച്ചെടുത്ത വീരഗാഥകൾ പാടിപ്പാടി നടക്കുന്ന യു.ഡി.എഫ്. ഇപ്പോൾ ബി.ജെ.പി.യുടെ വാലിൽ തൂങ്ങി നടക്കുന്ന കാഴ്ചയാണ്. ജനങ്ങളെ കബളിപ്പിക്കുന്നതിന് ഇവർക്ക് യാതൊരു നാണക്കേടുമില്ല. ഇവർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.

Top