ഗാന്ധിജയന്തി ദിനത്തില്‍ കേരള പുനര്‍നിര്‍മാണ പ്രക്രിയയ്ക്കായി സത്യപ്രതിഞ്ജ ചെയ്യാം; എം എം മണി

mm mani

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകളെയും പ്രവര്‍ത്തനങ്ങളെയും ഓര്‍മ്മപ്പെടുത്തി മന്ത്രി എം എം മണി. ലോകം കണ്ട മഹാരഥന്മാരില്‍ ഏറ്റവും പ്രമുഖനാണ് മഹാത്മാഗാന്ധി. ഗാന്ധിഘാതകര്‍ക്ക് സ്മാരകവും ക്ഷേത്രവും പണിയുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ വിവിധ പരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ കേരള പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടാമെന്ന് പ്രതിഞ്ജ ചെയ്യാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോകം കണ്ട മഹാരഥന്മാരിൽ ‍ ഏറ്റവും പ്രമുഖനാണ് മഹാത്മാഗാന്ധി. ഇന്ന് അദ്ദേഹത്തിന്റെ 150-ആം ജന്മദിനമാണ്. ഇന്ത്യയുടെ “രാഷ്ട്രപിതാവ്” ആയ അദ്ദേഹത്തിന്റെ മരണം ലോകത്തെങ്ങുമുള്ള മനുഷ്യസ്നേഹികളെ ഞെട്ടിച്ച സംഭവമായിരുന്നു. മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചും, ദർശനങ്ങളെക്കുറിച്ചും സമകാലിക സമൂഹത്തെ പഠിപ്പിക്കുന്നതിനുള്ള സന്ദർഭം കൂടിയാകുന്നു ഓരോ ഗാന്ധിജയന്തി ദിനവും. സ്വാർ‍ത്ഥമോഹങ്ങൾ‍ക്കൊന്നും കീഴ് പ്പെടാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സത്യഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും, ജയിൽവാസവും തുടങ്ങി ധീരോദാത്തമായ പടവുകളാണ് അദ്ദേഹം കടന്നു കയറിയത്. അഹിംസ എന്ന സമരമാർഗ്ഗം ലോകദർ‍ശനമായി മാറിയതും അദ്ദേഹത്തിലൂടെയായിരുന്നു. ഗാന്ധിഘാതകർക്ക് സ്മാരകവും ക്ഷേത്രവും പണിയുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങൾ‍‍ ജനങ്ങളിലെത്തിക്കാന്‍ കേരള സർക്കാർ വിവിധ പരിപാടികൾ‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയവും ഉരുൾ‍പൊട്ടലുംമൂലം വലിയ നാശനഷ്ടം നേരിട്ട കേരളം ഈ അവസരത്തിൽ പുനർനിർമ്മാണ പ്രക്രിയയിലാണല്ലോ. ഇതിനിടയിലാണ് ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾ‍‍ക്ക് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത സന്ദേശംകൂടി ഉൾ‍ക്കൊണ്ട് ബഹുസ്വരതയെ അംഗീകരിച്ച് ശുചിത്വപൂർ‍ണ്ണമായ കേരള പുനർനിർ‍മ്മാണ പ്രക്രിയയിൽ ഏർ‍പ്പെടാമെന്ന് ഈ ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.

Top