കെഎസ്ഇബി പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി അവതരിപ്പിച്ച വീഡിയോ പങ്കുവെച്ച് എം എം മണി

mm mani

തിരുവനന്തപുരം: വെളളപ്പൊക്കം മൂലം വീടുവിട്ടുപോയവര്‍ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് മന്ത്രി എം എം മണി. കെഎസ്ഇബി പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവെച്ചത്.

‘വീട്ടില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണെങ്കില്‍ വീട്ടിലെ മെയിന്‍ സ്വിച്ച് ഓണ്‍ ആണെങ്കില്‍ ഉടന്‍ ഓഫ് ചെയ്യുക. വീട്ടിലെ വയറിങ് സംവിധാനം, പ്ലഗ് പോയിന്റുകള്‍, സ്വിച്ചുകള്‍ എന്നിവയെല്ലാം നിരീക്ഷിക്കുക. എന്തെങ്കിലും കേടുപാടുകള്‍ കണ്ടാല്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കരുത്. ഇലക്ട്രീഷ്യന്‍മാരെ വിളിച്ച് പരിശോധിപ്പിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുക. പ്ലഗ് പോയിന്റില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും പ്ലഗില്‍ നിന്ന് വേര്‍പെടുത്തുക. മീറ്റര്‍ ബോര്‍ഡിനു സമീപം ഘടിപ്പിച്ചിരിക്കുന്ന എര്‍ത്തിങ് സംവിധാനം തകരാറിലായിട്ടില്ല എന്ന് ഉറപ്പുവരുത്തുക. മീറ്റര്‍ ബോര്‍ഡില്‍ വെള്ളം കയറിയതായി ബോധ്യപ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിക്കുക. വെള്ളം കയറിയ ഉകരണങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ’ എന്നും വീഡിയോയയില്‍ വ്യക്തമാക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങിയ വീടുകളില്‍ എത്രയും പെട്ടെന്ന് വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ പരിശ്രമിക്കുകയാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വീഡിയോയില്‍ പറയുന്നു.

Top