ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത് ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്; എം എം മണി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകള്‍ സിപിഐഎം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് അത് ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി എം എം മണി. ‘ഏഷ്യാനെറ്റ് പോലുള്ള ചില ചാനലുകള്‍ കളിക്കുന്ന കളി ജനങ്ങള്‍ കാണുന്നുണ്ട്. പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെ വിളിച്ചിരുത്തി നാലഞ്ചുപേര്‍ ചേര്‍ന്ന് വളഞ്ഞാക്രമിക്കും. മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ ഇടപെട്ട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. ഞങ്ങള്‍ അവിടെ പോയിരുന്ന് പരിഹാസത്തിന് വിധേയരാകേണ്ടതില്ല’ മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാദ്ധ്യമ സിൻഡിക്കേറ്റ് എക്കാലവും സി.പി.ഐ.എമ്മിനെ ആക്രമിച്ചുകൊണ്ടിരുന്നിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് ഞങ്ങള്‍ക്കൊന്നും പറ്റിയിട്ടില്ല.
അതിന് കാരണം ഞങ്ങളുടെ എന്തെങ്കിലും പ്രത്യേകത കൊണ്ടല്ല, ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ്. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പോരാട്ടങ്ങളും ജനോപകാരപ്രദമായ നടപടികളും കൊണ്ടാണ്. മാദ്ധ്യമങ്ങളിൽ
ഇപ്പോഴും നടക്കുന്നത് സിൻഡിക്കേറ്റ് കളിയാണ്. ഏഷ്യാനെറ്റ് പോലുള്ള ചില ചാനലുകള്‍ കളിക്കുന്ന കളി ജനങ്ങള്‍ കാണുന്നുണ്ട്. പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെ വിളിച്ചിരുത്തി നാലഞ്ചുപേര്‍ ചേര്‍ന്ന് വളഞ്ഞാക്രമിക്കും. മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ ഇടപെട്ട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. ഞങ്ങള്‍ അവിടെ പോയിരുന്ന് പരിഹാസത്തിന് വിധേയരാകേണ്ടതില്ല, ഈ ചാനലിലെ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാം എന്ന് തീരുമാനിച്ചത് ജനങ്ങള്‍ അംഗീകരിക്കുന്നത് അതുകൊണ്ടാണ്.

കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ജനപിന്തുണയോടെ പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും മുന്നോട്ടു പോകുക തന്നെ ചെയ്യും.

Top