നാളെ കേരളത്തില്‍ മുഴുവന്‍ വൈദ്യുതി മുടങ്ങില്ലെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് വൈദ്യുത മന്ത്രി എം എം മണി. നാളെ കേരളത്തില്‍ വൈദ്യുതി മുടങ്ങില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം അറിയിച്ചു. ആയതിനാല്‍ തെറ്റായ വാര്‍ത്താ പ്രചാരണത്തില്‍ കുടുങ്ങരുതെന്നും വൈദ്യുതി നില പുനസ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും എം എം മണി പറഞ്ഞു.

എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം.

സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണം.
വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാർ.
വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാൻ ഏകദേശം 4000 ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷൻ, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷൻ, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തി വെച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവർത്തനം പുനരാരംഭിക്കും.
ആയതിനാൽ തെറ്റായ വാർത്താ പ്രചാരണത്തിൽ കുടുങ്ങരുതെന്നും വൈദ്യുതി നില പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു

Top