മഹാദുരന്തത്തില്‍ പ്രതിക്കൂട്ടില്‍ ഈ മന്ത്രിമാര്‍, ഭരണപക്ഷം കടുത്ത പ്രതിരോധത്തില്‍

IDUKKI

കൊച്ചി: കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ചയെന്ന് വ്യക്തമായതോടെ മന്ത്രി എം.എം.മണിക്കും മാത്യു ടി തോമസിനും എതിരെ പ്രതിഷേധം ശക്തമാവുന്നു. രണ്ടു മന്ത്രിമാരെയും ഒരു നിമിഷം പോലും തുടരാന്‍ അനുവദിക്കരുതെന്ന ആവശ്യം പൊതു സമൂഹത്തിനിടയിലും ശക്തമായിട്ടുണ്ട്.

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് നാളിതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത സ്ഥലങ്ങളെ വരെ പ്രളയം ബാധിക്കാന്‍ കാരണമായിരിക്കുന്നത്.

flood

ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞിരുന്നു. എന്നാല്‍ തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലന്നാണ് ജലവിഭവ മന്ത്രി മാത്യു ടി തോമസ് അന്ന് പറഞ്ഞത്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച പണം പോകുന്ന ‘ആളില്ലാ’ പാര്‍ട്ടിയുടെ ഈ നേതാവ് തന്നെയാണ് ലക്ഷങ്ങളെ ബാധിച്ച മഹാ ദുരന്തത്തിന് വഴി ഒരുക്കിയതില്‍ ‘ഒരു പ്രധാനി’.

മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഡാം തുറക്കാന്‍ കഴിയുമോ എന്ന് പരിഹസിച്ച ഈ മന്ത്രിയെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന വികാരം ഭരണപക്ഷത്തെ അണികളില്‍ പോലും ശക്തമാണ്.

വൈദ്യതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ പരത്തുന്ന നിലപാടുകള്‍ തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ മന്ത്രി എം.എം മണിക്കും വീഴ്ച പറ്റി. മാത്യു ടി തോമസ് എന്ത് നിലപാടു സ്വീകരിച്ചാലും അത് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയോട് ആലോചിച്ച് ഡാം തുറക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനമെടുപ്പിക്കാമായിരുന്നു.

heavy rain

ഭരണ രംഗത്ത് മണിക്കുള്ള പരിചയക്കുറവ് ശരിക്കും ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്തതായും ആക്ഷേപമുണ്ട്. ആദ്യഘട്ടം മുതല്‍ 2403 എന്ന പരമാവധി ശേഷിയിലെത്തിയിട്ട് ഡാം തുറന്നാല്‍ മതിയെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍. ഈ നിലപാടിനെ മറികടന്ന് ഗ്രൗഡ് റിയാലിറ്റി മനസിലാക്കി നിര്‍ദ്ദേശം നല്‍കുന്നതിലാണ് മന്ത്രി എം.എം.മണി പരാജയപ്പെട്ടത്.

ഉദ്യോഗസ്ഥരുടെ ഈ കടുംപിടുത്തമാണ് ദുരന്തത്തിന്റെ ആഘാതം വലുതാക്കിയത്. ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണമെന്ന നിര്‍ദ്ദേശം ദിവസങ്ങള്‍ക്കു മുന്‍പേ വന്നെങ്കിലും അതും അവഗണിച്ചു. പരമാവധി വെള്ളം സംഭരിക്കണം എന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍. വെള്ളം തുറന്നുവിട്ടാല്‍ ഒരു മണിക്കൂറില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി എം.എം മണിക്കൊപ്പം ഇരുന്ന് പറഞ്ഞ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് ‘പന്താടിയത്’. ഈ നഷ്ടക്കണക്ക് പറഞ്ഞ ഉദ്യോഗസ്ഥന്റെ പിടിവാശി മൂലം സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ കേരളത്തിന്റെ ‘മുഖം’ തന്നെയാണ് നഷ്ടപ്പെട്ടത്.

കണക്കു കൂട്ടലുകള്‍ തെറ്റിച്ച് കനത്ത മഴ തുടര്‍ന്നതോടെ ഇടുക്കിയിലെ എല്ലാ ഷട്ടറുകളും തുറന്നു. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെ ചിലത് എതാനും സെന്റീമീറ്റര്‍ താഴ്ത്തിയതും വലിയ തിരിച്ചടിയായി.

ഈ മാസം ഒന്‍പതിനായിരുന്നു ഇടുക്കിയും ഇടമലയാറും തുറന്നത്. പിന്നീട് മഴ കുറച്ചു കുറഞ്ഞപ്പോള്‍ ഇടുക്കിയുടെ ഷട്ടര്‍ കുറച്ച് താഴ്ത്തി. എന്നാല്‍ പ്രതീക്ഷിക്കാതെ 13 മുതല്‍ മഴ കനത്തതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയായിരുന്നു. കനത്ത മഴയും നീരൊഴുക്കും വര്‍ധിച്ചതോടെ ഇടുക്കിയില്‍ നിന്ന് മാത്രമായി സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിടേണ്ട അവസ്ഥയുണ്ടായി. എന്നാല്‍ ഈ അവസ്ഥ ഇടുക്കി അണക്കെട്ടില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മുല്ലപ്പെരിയാറിലെ വെള്ളം കൂടി കൂടിയതോടെ കാര്യങ്ങളെല്ലാം പൂര്‍ണമായും കൈവിട്ടു പോവുകയായിരുന്നു.

rain

ഇതിനിടെ ശബരിഗിരി ഡാം തുറന്നു വിട്ടതാവട്ടെ റെഡ് അലേര്‍ട്ട് പോലും പുറപ്പെടുവിക്കാതെയായിരുന്നു. ശബരിഗിരിയില്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് രാജു ഏബ്രഹാം എംഎല്‍എയും പ്രതികരിച്ചു. കെഎസ്ഇബിയുടെയും റവന്യു വകുപ്പിന്റെയും ഭാഗത്ത് വീഴ്ചയുണ്ടായതായി സിപിഎം എംഎല്‍എ വ്യക്തമാക്കി. ഒടുവില്‍ മുന്നറിയിപ്പ് നല്‍കാന്‍ പോലും പൊലീസ് എത്തേണ്ട സ്ഥിതിയിലായി. ഗൗരവം കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കാനായി പോയ വാഹനം പോലും വെള്ളത്തില്‍ മുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു.

കൂടാതെ, തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരവും വൈകിയാണ് കേരളത്തെ അറിയിച്ചത്. ഈ രണ്ട് അണക്കെട്ടുകളിലെയും വെള്ളം വന്നപ്പോള്‍ പെരിങ്ങല്‍ക്കൂത്ത് അണക്കെട്ട് നിറഞ്ഞു. ഇതോടെ ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകാനും തുടങ്ങി. മുന്നറിയിപ്പ് കിട്ടാതെ വന്നതോടെ പമ്പാതീരത്തുള്ളവരും വെള്ളത്തിലായി.

പമ്പയിലെ ശബരിഗിരി പദ്ധതിയിലെ മൂന്നു ഡാമുകള്‍ മുന്നറിയിപ്പ് കൂടാതെ ഒന്നിച്ച് തുറന്നത് ആറന്മുളയേയും റാന്നിയേയും ചെങ്ങന്നൂരിനെയും ദുരിതക്കയത്തിലാക്കി. വേണ്ടത്ര മുന്നൊരുക്കങ്ങളും മുന്നറിയിപ്പും ഇല്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഇത് വയനാടിനെയും പ്രളയക്കെടുതിയിലാഴ്ത്തി. കളക്ടര്‍ പോലും അറിയാതെയാണ് ബാണാസുര സാഗര്‍ തുറന്നതെന്ന കാര്യം അനധികൃതരുടെ അനാസ്ഥയുടെ ആഴം തുറന്നു കാട്ടുന്നതാണ്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top