‘കനല്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചാല്‍ ആളിക്കത്തും’; എസ്.എഫ്.ഐയെ അഭിനന്ദിച്ച് മന്ത്രി എം.എം മണി

കൊച്ചി: എം.ജി സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞടുപ്പില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയ എസ്.എഫ്.ഐയെ അഭിനന്ദിച്ച് മന്ത്രി എം.എം മണി. കനല്‍ ഊതിക്കെടത്താന്‍ ശ്രമിച്ചാല്‍ അത് ആളിക്കത്തുമെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എം.ജി. സർവ്വകലാശാലയുടെ കീഴിൽ എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 130 കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 117 കോളേജുകളിലും എസ്.എഫ്.ഐ. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഭിനന്ദനങ്ങൾ

ഒരു മാസത്തോളം ടി.വി. ചാനലുകൾ എസ്.എഫ്.ഐ. യെ തകർക്കാനായി നിർത്താതെ നുണകൾ പ്രചരിപ്പിക്കുകയായിരുന്നു. ചാനൽ ചർച്ചകൾ സംഘടിപ്പിച്ചവരാകട്ടെ, ‘നിഷ്പക്ഷൻ’ എന്ന വേഷംകെട്ടിപ്പിച്ച് പല ‘നുണ സ്പെഷ്യലിസ്റ്റ്’കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു. അച്ചടി മാധ്യമങ്ങളും ചാനലുകൾക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു. മാത്രമല്ല ഇതിന്റെയെല്ലാം അവതാരകരും, പരമ്പര എഴുത്തുകാരും അത്തരത്തിലുള്ള ‘നിഷ്പക്ഷർ’ ആയി മാറുകയും ചെയ്തു.

ഇക്കൂട്ടർ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥി സമൂഹം #എസ്.#എഫ്.#ഐ. #ആണ് #ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ ഇത് മഹത്തായ വിജയമാണ്.

ഈ തിളക്കമാർന്ന വിജയം നേടിയെടുക്കാൻ പ്രയത്‌നിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ.

Top